- ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡീഗഢ് സംസ്ഥാനങ്ങളിലും ഇരു പാർട്ടികളും ധാരണയിലെത്തിയതായി നേതാക്കൾ
- ഡൽഹിയിൽ എ.എ.പി നാലു സീറ്റിലും കോൺഗ്രസ് മൂന്നു സീറ്റിലും മത്സരിക്കും
ന്യൂഡൽഹി - ഇന്ത്യാ മുന്നണിയിൽ രാജ്യതലസ്ഥാനത്ത് പ്രതീക്ഷ നൽകുന്ന നിർണായക ചുവടുകളുമായി ആം ആദ്മി പാർട്ടിയും കോൺഗ്രസും രംഗത്ത്. ഡൽഹിയിലെ ലോക്‌സഭാ സീറ്റുകളിൽ ഇരു പാർട്ടികളും പരസ്പരം ധാരണയിലെത്തി. ആകെയുള്ള ഏഴു സീറ്റുകളിൽ നാലെണ്ണത്തിൽ ആം ആദ്മി പാർട്ടിയും മൂന്നെണ്ണത്തിൽ കോൺഗ്രസും മത്സരിക്കുമെന്ന് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2019-ലെ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റിലും ബി.ജെ.പിക്കായിരുന്നു വിജയം. വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി ലോക്‌സഭാ മണ്ഡലങ്ങളിലാണ് എ.എ.പി മത്സരിക്കുക. നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദിനി ചൗക്ക് മണ്ഡലങ്ങളിൽ കോൺഗ്രസും മത്സരിക്കും.
കൂടാതെ ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡീഗഢ് സംസ്ഥാനങ്ങളിലും ഇരു പാർട്ടികളും സീറ്റുധാരണയിലെത്തി. ഗുജറാത്തിൽ എ.എ.പിക്ക് രണ്ടു സീറ്റും ഹരിയാനയിൽ ഒരു സീറ്റും നല്കും. ഗുജറാത്തിലെ 26 സീറ്റിൽ, 24 ഇടങ്ങളിൽ കോൺഗ്രസ് മത്സരിക്കും. ഭറൂച്, ഭാവ്‌നഗർ മണ്ഡലങ്ങളിൽ എ.എ.പി മത്സരിക്കും. ഹരിയാനയിലെ പത്തു സീറ്റിൽ ഒമ്പതിലും കോൺഗ്രസ് മത്സരിക്കും.
കുരുക്ഷേത്ര സീറ്റിൽ ആം ആദ്മി പാർട്ടി മത്സരിക്കും. ചണ്ഡീഗഢിലെ ഏക സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. ഗോവയിലെ രണ്ടു സീറ്റിലും കോൺഗ്രസ് മത്സരിക്കും. അതേസമയം, പഞ്ചാബിൽ എ.എ.പി ഒറ്റയ്ക്കു മത്സരിക്കുമെന്നും അസമിൽ ചർച്ച തുടരുകയാണെന്നും ഇന്ത്യ മുന്നണി ചരിത്ര വിജയം നേടി അധികാരത്തിലെത്താനാണ് നീക്കമെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. യു.പിയിൽ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയുമായി കോൺഗ്രസ് സീറ്റ് ധാരണയിലെത്തിയിട്ടുണ്ട്. 17 സീറ്റുകളിലാണ് ഇവിടെ കോൺഗ്രസ് മത്സരിക്കുക. 62 സീറ്റിൽ എസ്.പിയും ഒരു സീറ്റിൽ ചന്ദ്രശേഖർ ആസദിന്റെ ആസാദ് പാർട്ടിയും മത്സരിക്കാനാണ് ധാരണയായത്. മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം തുടരുന്നതോടൊപ്പം കർണാടക, ബംഗാൾ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇന്ത്യാ മുന്നണി നില മെച്ചപ്പെടുത്തുന്ന മികച്ച പ്രകടനത്തിനാണ് ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.