തിരുവനന്തപുരം - ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13-ാം പ്രതിയും സി.പി.എം നേതാവുമായിരുന്ന പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ശുദ്ധ അസംബന്ധമാണ് ഷാജി വിളിച്ചുപറഞ്ഞത്. എന്തു തോന്നിയവാസവും വിളിച്ചുപറയാമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കുഞ്ഞനന്തന്റെ മകൾ ഷബ്‌ന നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടി പി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി പാനൂരിലെ പി.കെ കുഞ്ഞനന്തനാണെന്നും ഭക്ഷ്യവിഷബാധ ഏറ്റാണ് കുഞ്ഞനന്തൻ മരിച്ചതെന്നുമായിരുന്നു കെ.എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും ഷാജി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ഒരു ലീഗ് പരിപാടിയിൽ ആരോപിച്ചിരുന്നു. എന്നാൽ, അച്ഛന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരൻ ഷാജിയെ തള്ളുകയുണ്ടായി. അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ചാണെന്നും ചികിത്സ വൈകിപ്പിച്ച് കൊന്നത് യു.ഡി.എഫ് സർക്കാറാണെന്നും മകൾ വ്യക്തമാക്കി.