അഹമ്മദാബാദ്- പട്ടേല്‍ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഹര്‍ദിക് പട്ടേലിന്റെ ആരോഗ്യനില മോശമാകുന്നതായി ഡോക്ടര്‍മാര്‍. കഴിഞ്ഞ 11 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഹര്‍ദിക്കിന്റെ തൂക്കം 20 കിലോ കുറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കെ അദ്ദേഹത്തെ അനുനയിപ്പിച്ച് സമരം അവസാനിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പട്ടേല്‍ സമുദായത്തില്‍നിന്നുള്ള നേതാക്കളുമായി ചൊവ്വാഴ്ച രാത്രി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
ജോലി, വിദ്യാഭ്യാസ പ്രവേശനം, കര്‍ഷകവായ്പ എന്നിവയില്‍ സംവരണം അനുവദിക്കണമെന്നാണ് പട്ടേല്‍ വിഭാഗത്തിന്റെ ആവശ്യം. ഹര്‍ദിക്കിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നു പറഞ്ഞ സര്‍ക്കാര്‍ വൃത്തങ്ങള്‍ കോണ്‍ഗ്രസാണ് സമരത്തിന് പണം മുടക്കുന്നതെന്ന് ആരോപിച്ചു. ഹര്‍ദിക്കിനെ ചികില്‍സിക്കാന്‍ ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഐസിയു സംവിധാനമുള്ള ആംബുലന്‍സ് തയാറാണെന്നും മന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞു.
സമരം നടത്തുന്ന ഹര്‍ദിക് പട്ടേലിന് ദിവസം ചെല്ലുന്തോറും പിന്തുണ വര്‍ധിക്കുന്നത് സര്‍ക്കാരിനേയും ബിജെപിയേയും അങ്കലാപ്പിലാക്കിയിരിക്കയാണ്. ഹര്‍ദിക്കിന് പിന്തുണ പ്രഖ്യാപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെ ഗൗഡ, മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ, ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ എത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി എന്നി പാര്‍ട്ടി പ്രതിനിധികളും കഴിഞ്ഞ ദിവസം അദ്ദേഹത്തെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ചിരുന്നു.
സംവരണമാവശ്യപ്പെട്ട് 2015ല്‍ ഹര്‍ദിക്ക് നടത്തിയ പ്രക്ഷോഭത്തിലൂടെയാണു പട്ടേല്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്.