‘പിണറായി വിജയന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തകനെന്ന്’
ആലപ്പുഴ-ബിജെപിയോടല്ല കോണ്‍ഗ്രസിന് ഇപ്പോള്‍ പോരാടേണ്ടി വരുന്നത് ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളോടാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. അവയെല്ലാം രാഷ്ട്രീയവത്കരിക്കപ്പെട്ടതായും ആലപ്പുഴയില്‍ സമരാഗ്നിയ്ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി ലഭിച്ച 6000 കോടിയുടെ ഉറവിടം വെളിപ്പെട്ടാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരിക്കും അത്. 30 കമ്പനികളില്‍ ബിജെപി സര്‍ക്കാര്‍ ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയിരുന്നു, അവരില്‍ നിന്ന് രണ്ട് മാസത്തിന് ശേഷം 335 കോടി രൂപയാണ് ബിജെപിക്ക് സംഭാവന ലഭിച്ചിരിക്കുന്നത്. കേസ് പോലും തേച്ചുമായ്ക്കപ്പെട്ടു. ധൈര്യമുണ്ടോ ധനകാര്യമന്ത്രിക്ക് ഇക്കാര്യം അന്വേഷിക്കാന്‍? മോദിക്ക് ഇതന്വേഷിക്കാന്‍ തന്റേടമുണ്ടോ? ഇവ അന്വേഷിച്ചാല്‍ ബിജെപിയുടെയും മോദിയുടെയും അഴിമതി വിരുദ്ധര്‍ എന്ന പുകമറ നീങ്ങി യഥാര്‍ത്ഥ രൂപം വെളിപ്പെടുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുള്ളത് സാധാരണക്കാരായ പ്രവര്‍ത്തകരില്‍ നിന്നുള്ള പണം. അതില്‍ നിന്നാണ് 65 കോടി ബിജെപി അപഹരിച്ച് കൊണ്ട് പോയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒടുക്കേണ്ടതില്ലാത്ത വരുമാന നികുതിയുടെ പേരിലാണ് കോണ്‍ഗ്രസിന്റെ പണം കട്ടത്. മണിപ്പൂരില്‍ ജനങ്ങള്‍ ഭീകരമായി ആക്രമിക്കപ്പെട്ടു, സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സംസ്ഥാനം ആളിക്കത്തിയിട്ടും 10 മാസമായിട്ടും പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി കേരളം സന്ദര്‍ശിക്കുന്നതിനാണ് അദ്ദേഹത്തിന് മുന്‍ഗണന. കേരളത്തില്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്ന ഒരു പൈതൃകമുണ്ട്, മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രമുണ്ട്. അത് നശിപ്പിക്കാന്‍ ഒരു വര്‍ഗ്ഗീയ ശക്തികളെയും സമ്മതിക്കില്ല. സംഘര്‍ഷമുണ്ടാക്കി വോട്ട് പിടിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്. തോല്‍വി ഭയന്നാണ് ബിജെപി ജനാധിപത്യ വിരുദ്ധമായി, പ്രതിപക്ഷ മര്യാദകള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടുന്നത് തോല്‍വി മുന്നില്‍ക്കണ്ട്.
അന്നം തരുന്ന കര്‍ഷകരാണ് ബിജെപിയുടെ മുഖ്യ ശത്രുക്കള്‍. അന്നാ ഹസാരെ ആയിരക്കണക്കിന് കര്‍ഷകരെ നിരത്തി ഡല്‍ഹിയില്‍ പോരാടിയപ്പോള്‍ ആരും തടഞ്ഞില്ല. എന്നാല്‍ ഇന്ന്, ചര്‍ച്ചയ്ക്ക് മുതിരാതെ, ഡല്‍ഹിയിലേക്ക് കടക്കാന്‍ പോലും അനുവദിക്കാതെ അവരെ ക്രൂരമായി കൊലപ്പെടുത്തുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് നിരാശാജനകം. അവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോട് മാത്രമാണ് വിരോധം. യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ അന്തകനാണ് പിണറായി വിജയന്. ആലപ്പുഴയിലെ കരിമണല്‍ ഖനനത്തില്‍ പിണറായി നടത്തിയത് വന്‍ അഴിമതിയാണ്. ആലപ്പുഴയുടെ തീരങ്ങള്‍ വിറ്റ് പിണറായി സ്വകാര്യ മുതലാളിമാര്‍ക്ക് പരവതാനി വിരിച്ചുകൊടുക്കുന്നു. ആലപ്പുഴയില്‍ നിന്ന് പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ ഖനനം ചെയ്ത കരിമണല്‍ സ്വകാര്യ കമ്പനിക്ക് മറിച്ചു വിറ്റു. അതിന്റെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും കെ സി പറഞ്ഞു.ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മുഖ്യമന്ത്രിയുടെ ഗണ്മാന് മര്‍ദിച്ചത് വളരെ ക്രൂരമായാണ്. ''കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്ന കനയ്യകുമാറിന് തോന്നുന്നുണ്ടോ ഇതാണ് ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ശരിയായ രീതിയെന്ന്?'' വേദിയിലിരുന്ന മുഖ്യാതിഥി കനയ്യകുമാറിനോട് ചോദിച്ചു. ഡി സി സി പ്രസിഡന്റ് ബി ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു.