ന്യൂദൽഹി- എസ്.പി, ആം ആദ്മി പാർട്ടികൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസ്സുമായുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. മഹാരാഷ്ട്രയിലെ 39 സീറ്റുകളിൽ എൻ സി പി ശരദ് പവാർ വിഭാഗം, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എന്നിവരുമായി ധാരണയിലെത്തിയതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. സംസ്ഥാനത്തെ ആകെയുളള 48 സീറ്റുകളിൽ ധാരണയാകാൻ ശേഷിക്കുന്നത് ഒമ്പത് സീറ്റുകൾ കൂടിയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായും ശരദ് പവാറുമായും രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചതിനെത്തുടർന്നാണ് പാർട്ടികൾ പരസ്പരം സീറ്റ് ധാരണയിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ദൽഹി സീറ്റ് പങ്കുവെക്കൽ വിഷയത്തിൽ എഎപിയുമായി കോൺഗ്രസ്സ് ധാരണയിലെത്തിയിരുന്നു. ഇതിന് പുറമെ ഹരിയാന, ഗോവ, ഗുജറത്ത് സംസ്ഥാനങ്ങളിലും എഎപിയുമായുള്ള സീറ്റ് ചർച്ചകളിൽ പുരോഗതി കൈവരിച്ചതായും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. ദൽഹിയിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസ്സും നാല് സീറ്റുകളിൽ എഎപിയും മത്സരിക്കുമെന്നതാണ് ഫോർമുല. ഇരുപാർട്ടികളും പരസ്പരം വിട്ടുവീഴ്ച ചെയ്താണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ചാന്ദ്‌നി ചൗക്ക്, ന്യൂദൽഹി, വെസ്റ്റ് ഡൽഹി സീറ്റുകളാണ് കോൺഗ്രസ്സിന് വിട്ട് നൽകിയേക്കുമെന്നാണ് സൂചന. ഹരിയാന, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലും സീറ്റ് വിഭജനം എ.എ.പി കോൺഗ്രസ്സ് നേതാക്കൾ അന്തിമ ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്.
ഗുജറാത്തിൽ ബറൂച്ച്, ഭാവ്‌നഗർ എന്നീ രണ്ട് സീറ്റുകളിൽ എഎപി മത്സരിക്കുമെന്നാണ് കരുതുന്നത്. ഈ സീറ്റുകളിലേക്ക് പാർട്ടി ഇതിനകം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും സൂറത്ത് പ്രദേശിക തിരഞ്ഞെടുപ്പിൽ വിജയിച്ചതും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയതും പാർട്ടിയുടെ നില സംസ്ഥാനത്ത് മെച്ചപ്പെടുത്തി. ഹരിയാനയിൽ എഎപി രണ്ട് സീറ്റിൽ മത്സരിക്കുമെന്നാണ് അറിയുന്നത്. ചണ്ഡിഗഢിലെ ഏക സീറ്റ് എ.എ.പി കോൺഗ്രസ്സിന് വിട്ട് നൽകും. ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കൗൺസിലർമാർ എഎപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു.
മേയർ തിരഞ്ഞെടുപ്പ് ബി ജെ പി അംഗമായ വരണാധികാരി അട്ടിമറിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ട് എഎപി അംഗത്തെ മേയറായി പ്രഖ്യാപിച്ച് പ്രദേശത്ത് സഖ്യത്തിന്റെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ഗോവയിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ആകെയുള്ള 80 സീറ്റുകളിൽ കോൺഗ്രസ്സിന് 17 സീറ്റുകൾ നൽകിയാണ് അഖിലേഷ് സഖ്യം ഉറപ്പിച്ചത്. മഹാരാഷ്ട്രയിലും സീറ്റ് വിഭജനം കാര്യക്ഷമമായ രീതിയിൽ പൂർത്തിയാക്കാനായാൽ ഇന്ത്യമുന്നണി എന്ന നിലയിൽ സംസ്ഥാനങ്ങളിൽ ബി ജെ പിക്കെതിരെ കനത്ത പോരാട്ടം നടത്താൻ സാധിക്കും.