കല്‍പറ്റ- വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴയാന കേരളത്തില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയുമെന്ന് കര്‍ണാടക. വെള്ളിയാഴ്ച നടന്ന അന്തര്‍ സംസ്ഥാനതല യോഗത്തിലാണ് കര്‍ണാടക വനം അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
ഇന്റര്‍ സ്റ്റേറ്റ് ജുറിസ്ഡിക്ഷന്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നതിന് കേരളം, കര്‍ണാടക, തമിഴ്നാട് വനം നോഡല്‍ ഓഫീസര്‍മാരുടെ യോഗം അടുത്ത ദിവസം ചേരും.
മൂന്നു ദിവസമായി കര്‍ണാടക വനത്തിലാണ് ബേലൂര്‍ മഖ്ന എന്നറിയപ്പെടുന്ന ആനയുള്ളത്. സൗത്ത് വയനാട് വനം ഡിവിഷന്‍ അതിര്‍ത്തിയില്‍നിന്നു ഏകദേശം 4.8 കിലോമീറ്റര്‍ മാറിയാണ് വെള്ളിയാഴ്ച ആനയുടെ സാന്നിധ്യം സ്ഥീരികരിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടക വനസേനയുടെ നിരീക്ഷണത്തിലാണ്. മോഴ വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നതു തടയാന്‍ കേരള വനസേനയും ജാഗ്രതയിലാണ്.
അജീഷിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ആനയെ മയക്കുവെടിവെച്ച് പിടിക്കാന്‍ സംസ്ഥാന മുഖ്യവനപാലകന്‍ ഉത്തരവായിരുന്നു. ഇതേത്തുര്‍ന്നു രൂപീകരിച്ച ദൗത്യസേന ആന കേരള ഭാഗത്ത് ഉണ്ടായിരുന്നപ്പോള്‍ മയക്കുവെടി പ്രയോഗത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ശല്യം ചെയ്യുന്ന കടുവയെ കൂടുവെച്ച് പിടിക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ദൗത്യസംഘം പുല്‍പള്ളി പഞ്ചായത്തിലെ അമ്പത്താറ് ഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല.