കണ്ണൂർ/ചെന്നൈ - കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹർഷാദ് (34) നാൽപ്പത് ദിവസത്തിനുശേഷം പിടിയിൽ. ഹർഷാദിന് ഒളിത്താവളമൊരുക്കിയ കാമുകിയും ടാറ്റൂ കലാകാരിയുമായ തമിഴ്‌നാട് ശിവഗംഗ സ്വദേശിനി അപ്‌സര(21)യും പിടിയിലായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്ത് വച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്. അപ്‌സരയാണ് ഭാരതിപുരത്ത് വാടക വീട് എടുത്തത്. ആദ്യം സബ് കലക്ടറുടെ ഫ്‌ളാറ്റ് ആണ് വാടകക്ക് എടുത്തത്. തുടർന്ന് മറ്റൊരു വീട്ടിലേക്ക് മാറി.
ഹർഷാദിന്റെ സുഹൃത്തിന്റെ തലശ്ശേരിയിലെ ടാറ്റൂ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അപ്‌സര. ഇവിടെ വച്ചാണ് അവിവാഹിതയായ അപ്‌സര ഹർഷാദിനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. ഹർഷാദിന് ഭാര്യയും കുഞ്ഞുമുണ്ട്.
രാവിലെ പത്രം ശേഖരിക്കാൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ ഗേറ്റിന് മുമ്പിൽ കാത്തിരുന്ന സുഹൃത്ത് റിസ്‌വാനോടൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഹർഷാദിനെ കാണാതായി ഒരു മണിക്കൂർ കഴിഞ്ഞ ശേഷമാണ് വിവരം ജയിൽ അധികൃതർ അറിഞ്ഞത്. കോടതിയിൽ കീഴടങ്ങിയ റിസ്‌വാനെ ചോദ്യം ചെയ്തപ്പോഴാണ് ഹർഷാദ് എവിടെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. അക്രമം, അടിപിടി, കഞ്ചാവ് വിൽപന എന്നീ വിവിധ കുറ്റകൃത്യങ്ങളിൽ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 17 കേസുകൾ ഹർഷാദിനെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
ലഹരിക്കേസിൽ പത്തുവർഷത്തെ കഠിനതടവിന് ശിക്ഷ അനുഭവിക്കുകയായിരുന്ന ഹർഷാദ് ജനുവരി 14-നാണ് ജയിൽ ചാടിയത്. ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച റിസ്‌വാനിൽ നിന്നാണ് ഇവരുടെ താമസസ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്. ജയിൽ ചാടിയ ശേഷം പ്രതി ഹർഷാദ് ആദ്യം പോയത് ബെംഗുളൂരിവിലേക്കായിരുന്നു. പിന്നാലെ, കാമുകി അപ്‌സരയും അവിടെ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും നേപ്പാൾ അതിർത്തി വരെ പോയി തിരികെ ഡൽഹി വഴി തമിഴ്‌നാട്ടിലെ ശിവഗംഗയിൽ എത്തുകയായിരുന്നു.