ന്യൂദല്‍ഹി - കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയുള്ള പോലീസ് നടപടിക്കിടെ പരിക്കേറ്റ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ശംഭു അതിര്‍ത്തിയിലെ പോലീസ് നടപടിയില്‍ പരിക്കേറ്റ ഭട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിങ്ങാണ് (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ഷകനാണ് ദര്‍ശന്‍ സിങ്. ഹരിയാന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ച കൂടി രംഗത്തെത്തിയതോടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഹരിയാന പൊലീസ് അതിക്രമത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ഒപ്പം പഞ്ചാബ് സര്‍ക്കാര്‍ നില്‍ക്കുമോ എന്ന് വ്യക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ അതിക്രമിച്ച് കയറി ഹരിയാന പൊലീസ് നടത്തിയ അക്രമത്തില്‍ എഫ് ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പഞ്ചാബ് സര്‍ക്കാരിനെ വിശ്വസിക്കൂ എന്നാണ് കര്‍ഷക സംഘടനാ നേതാക്കളുടെ നിലപാട്. ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹരമായി ഒരു കോടി രൂപ നല്‍കുമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും, പോലീസിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.