തിരുവനന്തപുരം - നേമത്ത് വീട്ടു പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ വെഞ്ഞാറമൂട് തേമ്പാമൂട് സ്വദേശിയായ ശിഹാബുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽനിന്നാണ് ഇയാളെ നേമം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു.
കേസിന്റെ ആദ്യ ദിവസം ശിഹാബുദ്ദീനെ തേടി പോലീസ് എത്തിയെങ്കിലും ഇയാൾ സ്ഥലം വിടുകയായിരുന്നു. നേമം കാരയ്ക്കാമണ്ഡപത്ത് താമസിച്ച ഷമീറ(36)യും നവജാത ശിശുവുമാണ് കഴിഞ്ഞദിവസം വീട്ടിൽനിന്ന് പ്രസവം എടുപ്പിച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. സംഭവത്തിൽ നിലവിൽ കേസെടുത്തിട്ടുള്ളത് ഭർത്താവ് നയാസിനെതിരെ മാത്രമാണ്. മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
മരിച്ച ഷമീറയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകളെയും കേസിൽ പ്രതിചേർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ഷമീറയുടെ പ്രസവ സമയം ഭർത്താവ് നയാസിനൊപ്പം ആദ്യ ഭാര്യയും മകളും ഉണ്ടായിരുന്നതായി നയാസ് മൊഴി നൽകിയിരുന്നു. അക്യുപങ്ചർ പഠിച്ച മകൾ പ്രസവം എടുക്കാൻ ശ്രമിച്ചെന്നും മൊഴിയുണ്ട്. എന്നാൽ ഇതിൽ കേസൊന്നും എടുത്തിട്ടില്ല.
അക്യൂപങ്ചറിന്റെ മറവിൽ ശിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബറിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. വെഞ്ഞാറമൂട്ടിലായിരുന്നു ശിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ ഇതിൽ പോലീസും ആരോഗ്യവകുപ്പും തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണ് പറയുന്നത്.