ചെന്നൈ-കോടതി ഉത്തരവിനെ തുടര്‍ന്ന് 55 കാരന്റെ സംസ്‌കാര ചടങ്ങുകള്‍ രണ്ട് മതാചാരപ്രകാരം നടത്തി. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്ന ബാലസുബ്രഹ്മണ്യന്റെ സംസ്‌കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്.
ആദ്യ ഭാര്യ ശാന്തി, രണ്ടാം ഭാര്യ ഫാത്തിമ എന്നിവര്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് ചടങ്ങുകള്‍ രണ്ട് രീതിയിലും നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിടുകയായിരുന്നു.
സര്‍ക്കാര്‍ ബസ് െ്രെഡവറായിരുന്ന ബാലസുബ്രഹ്മണ്യന്‍ 2019 ലാണ് ആദ്യ ഭാര്യ ശാന്തിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ശാന്തിയുടെ അപ്പീലില്‍ കോടതി വിവാഹ മോചനം റദ്ദാക്കി. അതിനിടെ ബാലസുബ്രഹ്മണ്യന്‍ ഇസ്ലാം സ്വീകരിച്ച് ഫാത്തിമയെ വിവാഹം കഴിച്ചിരുന്നു. അന്‍വര്‍ ഹുസൈന്‍ എന്ന പേരും സ്വീകരിച്ചു.
ഫെബ്രുവരി 17നായിരുന്നു ഇയാളുടെ മരണം. നിയമം അനുസരിച്ച് താനാണ് ഭാര്യയെന്നു കാണിച്ചു ശാന്തി പോലീസിനെ സമീപിച്ചു. ഫാത്തിമയും അവകാശവാ?ദം ഉന്നയിച്ചതോടെ മൃതദേഹം കാരക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.
ശാന്തിയുടെ ഹരജി ഹൈക്കോടതി മധുര ബഞ്ച് അടിയന്തരമായി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൃതദേഹം ആദ്യം ശാന്തിക്ക് വിട്ടുനല്‍കാനും അവരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അര മണിക്കൂറിനു ശേഷം ഫാത്തിമയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. ഇസ്ലാം മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം അടക്കം ചെയ്യാനും കോടതി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ചര്‍ച്ചയിലൂടെ വീതം വെക്കാനും നിര്‍ദേശിച്ചു.