പനാജി- ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അമേരിക്കയിൽ ചികിത്സ നേടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി. ആറുമാസമായി ഗോവയിൽ ഭരണസ്തംഭനമാണെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്കാണ് ബി.ജെ.പി മറുപടിയുമായി രംഗത്തെത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിൽ പന്ത്രണ്ട് മണിക്കൂർ സമയവ്യത്യാസമുള്ളതിനാൽ ഇവിടെ രാത്രിയാകുമ്പോൾ അമേരിക്കയിലിരുന്ന് പരീക്കറിന് ഗോവയിലെ കാര്യങ്ങൾ നോക്കാനാകുമെന്ന് ബി.ജെ.പി വക്താവ് സിദ്ധാർത്ഥ് കുൻസോലിനേക്കർ പറഞ്ഞു. ഗോവയിൽ എല്ലാവരും ഉറങ്ങുമ്പോൾ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ഗോവയുടെ കാര്യങ്ങൾ അമേരിക്കയിലിരുന്ന് നോക്കാൻ കഴിയും. മനോഹർ പരീക്കർ ഉറങ്ങുമ്പോൾ ഗോവയിലിരുന്ന് മറ്റു മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഗോവയുടെ കാര്യങ്ങളും നോക്കാൻ കഴിയുന്നു. ഫലത്തിൽ ഗോവയുടെ മേൽ ഇരുപത്തിനാലു മണിക്കൂറും മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും കണ്ണുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗോവയിൽ ഒരു തരത്തിലുള്ള ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. നേരത്തെയുണ്ടായിരുന്ന അതേ പോലെ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മന്ത്രിമാർ കാര്യങ്ങളെല്ലാം വെടിപ്പായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവം ഭരണപ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് സംസ്ഥാന മന്ത്രി വിജയ് സർദേശായി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസും ഭരണസ്തംഭനമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പരീക്കറിന് പുറമെ രണ്ടു കാബിനറ്റ് മന്ത്രിമാരും ആഴ്ച്ചകളായി ഓഫീസിൽ പോലും വരുന്നില്ലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. പാൻക്രിയാസിസ് കാൻസറിന് അമേരിക്കയിൽ ചികിത്സ തേടുകയാണ് മനോഹർ പരീക്കർ.