Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്ലാന്‍ ബി തയാറാക്കുന്നു. ക്രൗഡ് ഫണ്ടിംഗ്, സംസ്ഥാന തലത്തിലെ ഫണ്ട് സമാഹരണം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി യിലെ പ്രധാന നിര്‍ദേശങ്ങള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഐ.ടി. വകുപ്പിന്റെ തീരുമാനത്തിന് സ്‌റ്റേ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ബി.ജെ.പി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ആദായനികുതി അടയ്ക്കാറുമില്ല. അതിനാല്‍ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇടക്കാല ഉത്തരവ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്ക. അതിനാലാണ് പ്ലാന്‍ ബിയെക്കുറിച്ച് പാര്‍ട്ടി സജീവമായി ആലോചിക്കുന്നത്. പാര്‍ട്ടി സമീപ കാലത്ത് നടത്തിയ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്ലാന്‍ ബിയില്‍ പാര്‍ട്ടി പരിഗണന നല്‍കുന്നത് ക്രൗഡ് ഫണ്ടിങ്ങിനാണ്.

സംസ്ഥാനതലങ്ങളില്‍നിന്ന് ഫണ്ട് സമാഹരണമാണ് പ്ലാന്‍ ബിയില്‍ പരിഗണിക്കുന്ന മറ്റൊരു നിര്‍ദേശം. ബി.ജെ.പി. സര്‍ക്കാരില്‍നിന്ന് പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന ഭീതി കാരണം വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ കുറവായിരിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് ആദായ നികുതിവകുപ്പ് അപ്പലേറ്റ് ട്രിബ്യുണലിനെ സമീപിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രിബ്യുണലില്‍ കേസ് നിലനില്‍ക്കെയാണ്, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ എന്നിവയുടെ അക്കൗണ്ടുകളില്‍നിന്ന് 65 കോടിയോളം രൂപ ഈടാക്കിയത്.

 

Latest News