Sorry, you need to enable JavaScript to visit this website.

മികച്ച കാര്‍ഷിക രചനക്കുള്ള പുരസ്‌കാരം നേടി ഡോ. നിഹാദ് ഷുക്കൂര്‍

തിരുവനന്തപുരം- ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫാം റൈറ്റര്‍ക്കുള്ള സംസ്ഥാന  അവാര്‍ഡിന് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. നിഹാദ് ഷുക്കൂര്‍ അര്‍ഹയായി. ലളിതമായ ഭാഷയില്‍ കൃഷിശാസ്ത്രത്തെ സമുഹത്തിന് പരിചയപ്പെടുത്തുന്ന  ലേഖനങ്ങള്‍ക്കും ഹെലിക്കോണിയ വിസ്മയ പുഷ്പങ്ങള്‍ എന്ന  പുസ്തകത്തിന്റെ രചനക്കുമാണ് പുരസ്‌കാരം ലഭിച്ചത്.

തിരുവനന്തപുരം വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരളാ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. സുധീര്‍ കെ.പി അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഗാനരചിതാവ് എഴുമാവില്‍ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. റിട്ടേര്‍ഡ് പ്രിന്‍സിപ്പല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഫാം റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റുമായ സുരേഷ് മുതുകുളം, എസ്.പി വിഷ്ണു, കെ.എസ് ഉദയകുമാര്‍, കാവുങ്കല്‍ ശ്രീജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്, സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൃഷിയേയും പ്രകൃതിയേയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്  നാടിന്റെ പുരോഗതിക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതും ചെറുപ്പക്കാര്‍ കാര്‍ഷികമേഖലയിലേക്ക് കടന്നുവരുന്നതിന് പ്രചോദനം നല്കുന്നതാണെന്നും ഡോ. നിഹാദ് ഷുക്കൂര്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
കായംകുളം എം.എസ്.എം കോളജ് ചരിത്ര വിഭാഗത്തിലെ പ്രൊഫസറായിരുന്ന പരേതനായ ഗവീര്‍ റാവുത്തരുടെയും ബി.എസ്.എന്‍.എല്‍ റിട്ടേര്‍ഡ് ഡിവിഷണല്‍ എന്‍ജിനിയര്‍ നെഹര്‍ബീഗത്തിന്റെയും മകളും ജില്ലാ നോട്ടറിയും ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.വി ഷുക്കൂറിന്റെ ഭാര്യയുമാണ് നിഹാദ്. വിദ്യാര്‍ഥികളായ ജുനൈദ് അഹമ്മദ്, ആദം അഹമ്മദ് എന്നിവര്‍ മക്കളാണ്.

 

Latest News