ഗസ്‌നി (അഫ്ഗാനിസ്ഥാൻ)- കൊലപാതക കേസിൽ കുറ്റക്കാരായി കണ്ടെത്തിയ രണ്ടു പേർക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ സൈന്യം പരസ്യമായ വധശിക്ഷ നടപ്പാക്കി. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിലാണ് കൊലപാതകക്കുറ്റം ചുമത്തപ്പെട്ട രണ്ടുപേരെ താലിബാൻ അധികൃതർ വ്യാഴാഴ്ച പരസ്യമായി വധിച്ചത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട മരണ വാറണ്ട് സുപ്രീം കോടതി ഉദ്യോഗസ്ഥൻ അതിഖുള്ള ദാർവിഷ് ഉറക്കെ വായിച്ചതിന് ശേഷം രണ്ട് പേരെയും വെടിവെച്ച് കൊല്ലുകയായിരുന്നു.
രണ്ടു വർഷത്തെ വിചാരണക്ക് ശേഷമാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. വധശിക്ഷ നടപ്പാക്കുന്നത് കാണാൻ ആയിരങ്ങളാണ് സ്‌റ്റേഡിയത്തിൽ തടിച്ചുകൂടി.
കൊലപാതകത്തിന് ഇരയായവരുടെ കുടുംബങ്ങളും സ്റ്റേഡിയത്തിൽ ഹാജരായിരുന്നു. പ്രതികൾക്ക് മാപ്പു നൽകണോ എന്ന് ചോദിച്ചെങ്കിലും കുടുംബാംഗങ്ങൾ നിരസിച്ചു. തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്.