ന്യൂയോർക്ക്- അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബ നായ, അമേരിക്കയുടെ സീക്രട്ട് സർവീസ് ഏജന്റുമാരെ വൈറ്റ് ഹൗസിലും മറ്റ് സ്ഥലങ്ങളിലും വെച്ച് 24 തവണ കടിച്ചതായി സി.എൻ.എൻ റിപ്പോർട്ട്. പ്രസിഡൻഷ്യൽ അംഗരക്ഷകർക്കായി ചുമതലപ്പെടുത്തിയ ജർമ്മൻ ഷെപ്പേർഡിന്റെ അഴിഞ്ഞാട്ടത്തിന്റെ ആഴം അമേരിക്കൻ സീക്രട്ട് സർവീസ് ആർക്കൈവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നായയുടെ കടി കൂടിയതോടെ, സീക്രട്ട് സർവീസ് അതിന്റെ സമീപനത്തിൽ മാറ്റം വരുത്തുകയും ചെയ്തു. നായയെ പിന്നീട് വൈറ്റ് ഹൗസിൽനിന്ന് മാറ്റുകയും ചെയ്തു.
2022 ഒക്‌ടോബറിനും 2023 ജൂലൈയിനും ഇടയിൽ നായ 24 തവണ കടിച്ചതായി വിവരാവകാശ രേഖയിൽ വ്യക്തമാക്കി. സീക്രട്ട് സർവീസ് ഏജന്റുമാരുടെ കൈത്തണ്ട, കൈമുട്ട്, അരക്കെട്ട്, നെഞ്ച്, തുട, തോൾ എന്നിവടങ്ങളിലാണ് നായ കടിച്ചത്. 2023 ജൂണിൽ, ഒരു ഉദ്യോഗസ്ഥന് കൈത്തണ്ടയിൽ ആഴത്തിലുള്ള കടിയേറ്റതിനാൽ നിരവധി തുന്നലുകൾ ഇടേണ്ടിവന്നു. വൈറ്റ് ഹൗസിന്റെ ഒരു ഭാഗത്ത് തറയിൽ രക്തം തളം കെട്ടി കിടക്കുകയും ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥന് ജൂലൈയിൽ കൈയിൽ കടിയേറ്റതിനെ തുടർന്ന് ആറ് തുന്നലുകൾ ഇടേണ്ടി വന്നു. കടിയേറ്റതിനെ തുടർന്ന് കനത്ത രക്തസ്രാവമാണ് ഉണ്ടായത്.