കണ്ണൂർ- പെൺകെണി കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. അതിനിടെ, കിടപ്പറ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച ക്യാമറയും ലാപ് ടോപ്പും അടക്കമുള്ളവ അന്വേഷണ സംഘം പിടിച്ചെടുത്തു.
തളിപ്പറമ്പ് പെൺകെണിക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ട മുഖ്യ പ്രതി ചൊർക്കള റഹ്മത്ത് മൻസിലിൽ കൊടിയിൽ റുബൈസിനെ (22) കണ്ടെത്താനുള്ള തിരച്ചിലാണ് ഊർജിതമാക്കിയത്. കഴിഞ്ഞ ദിവസം രക്ഷപ്പെട്ട പ്രതി കർണാടകയിലേക്കു കടന്നുവെന്നാണ് സൂചന. കഴിഞ്ഞ മാസം 20 നാണ് ഇയാൾ വാഹന കവർച്ചക്കേസിൽ പിടിയിലായത്. ഇതിനിടയിൽ പെൺ കെണിക്കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ റുബൈസ് അടക്കം നാല് പേർ പ്രതികളാണെന്നു കണ്ടെത്തി. ഇതിൽ മുഖ്യ സൂത്രധാരനും റുബൈസാണെന്ന് വ്യക്തമായിരുന്നു. ഈ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനിരിക്കെയാണ് മെഡിക്കൽ കോളേജിലെ പ്രിസണേഴ്‌സ് വാർഡിൽ നിന്നും പ്രതി രക്ഷപ്പെട്ടത്.
നേരത്തെ രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന പ്രതി രോഗവിമുക്തി നേടിയിരുന്നു. എന്നാൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുടകിലും മറ്റും നടന്ന കവർച്ചാ കേസുകളിൽ പ്രതിയായ റുബൈസിനെ തേടി കർണാടക പോലീസ് വാറണ്ടുമായി കണ്ണൂർ പോലീസിനെ സമീപിച്ചിരുന്നു. ഇവർക്കു വിട്ടു കൊടുക്കാതിരിക്കാൻ തൊണ്ടയിൽ കൈകൊണ്ടു മുറിവുണ്ടാക്കി രക്തം ഛർദ്ദിക്കുകയാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതിനിടെ പെൺകെണി കേസിൽ കിടപ്പറ രംഗങ്ങൾ പകർത്താനുപയോഗിച്ച ക്യാമറയും ഈ ദൃശ്യങ്ങൾ സൂക്ഷിച്ച ലാപ് ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതിയായ ചെങ്ങളായി നെടിയേങ്ങ സ്വദേശി വി.എസ്. അമൽ ദേവിന്റെ മുറിയിൽ നടത്തിയ തെരച്ചിലിലാണ് ഇവ കെണ്ടത്തിയത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അമൽ ദേവാണ് പ്രതികൾക്കു വേണ്ടി മുറി സജ്ജീകരിച്ചതും ദൃശ്യങ്ങൾ പകർത്തിയതും.
ചപ്പാരപ്പടവ് സ്വദേശി പി.സി. അബ്ദുൽ ജലീൽ, സുഹൃത്ത് മന്നയിലെ വ്യാപാരി അലി എന്നിവരെയാണ് സംഘം കെണിയിൽപ്പെടുത്തിയത്. ഇവരുടെ പരാതിയിൽ കാസർകോട് സ്വദേശിനി സുഹ്‌റ എന്ന യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.