Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ; മൂന്നു നൂറ്റാണ്ടിന്റെ ചരിത്രം, ലോകത്തിന്റെ നെറുകയിലേക്ക് പ്രയാണം

ഫെബ്രുവരി  22.  കാലചക്രം  297  വർഷങ്ങൾക്ക്  മുമ്പേക്ക്  തിരിഞ്ഞെത്തുകയാണ്.   ഉജ്ജ്വലവുമായൊരു  സന്ദേശം  മുറുകെപ്പിടിച്ച്  തലയെടുപ്പോടെ  ഇന്നും  തുടരുന്ന  ഒരു  പ്രയാണം  അതിന്റെ  ആവിർഭാവ  നാളിലേയ്ക്ക്  തിരിഞ്ഞു  നോക്കുന്നു.  ഉത്ഥാനത്തിന്റെ   ഉത്തുംഗത  ഉൽഘോഷിക്കുന്ന  ഇന്നത്തെ  തലമുറ ഗതകാലം  ഓർത്തെടുക്കുകയും  അത്   വരും തലമുറകൾക്കായി  കൈമാറുകയും  ചെയ്യുകയാണ്  ഇന്നേ  ദിവസം  സാർത്ഥകമാക്കുന്നതിലൂടെ.    അഞ്ചോ ആറോ  തലമുറകൾക്കപ്പുറമുള്ള  ഇന്നലെയെ  മറക്കാതെയും  ഇന്നിൽ  മതിമറക്കാതെയുമുള്ള  ഈ  കുലീന കാൽവെപ്പ് നടത്തിയ  ഇന്നത്തെ ഭരണാധികാരി  സൽമാൻ ബിൻ അബ്ദുൽഅസീസ്  ആലുസഊദ്  രാജാവും  അദ്ദേഹത്തിന്റെ  പുത്രനും  പ്രതിശ്രുത  പിൻഗാമിയുമായ  മുഹമ്മദ്  രാജകുമാരനും  ഇതിലൂടെ മറ്റൊരു  ചരിത്രത്തിനാണ് നാന്ദി കുറികുറിച്ചത് -  2022 ൽ.

ഏതാണ്ട്  മൂന്ന് ശതാബ്ദങ്ങൾക്ക് മുമ്പ്,  കൃത്യമായി പറഞ്ഞാൽ ക്രിസ്താബ്ദം 1727 ന്റെ തുടക്കത്തിൽ (ഹിജ്‌റാബ്ദം  1139 ന്റെ  മദ്ധ്യം)  ഇമാം മുഹമ്മദ് ബിൻ സഊദ് ശിലാസ്ഥാപനം  നിർവഹിച്ച   മഹാസൗധത്തിന്റെ ഇന്നത്തെ പേരാണ്  സൗദി അറേബ്യ.    ഫെബ്രുവരി  22  നായിരുന്നു  അതെന്ന്  കണക്ക്  കൂട്ടിയെടുക്കുകയും  ചെയ്തു.   അതാണ്  സൗദി അറേബ്യയുടെ  സ്ഥാപക ദിനം.  ('യൗമ്  ബദയ്‌നാ' അഥവാ 'നമ്മൾ  തുടങ്ങിയ  ദിവസം' ആണത്).    ഇതാദ്യമായി  ഇന്ന് (22  02  2024) പ്രസ്തുത സ്ഥാപക ദിനം  വീരേതിഹാസപ്പകിട്ടോടെ  ആഘോഷിക്കുകയാണ്  വിശുദ്ധിയുടെയും വിനോദത്തിന്റെയും എല്ലാവർക്കും പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുന്ന  സൗദി അറേബ്യ.   

ഇപ്പോഴത്തെ ഭരണാധികാരി  സൽമാൻ  രാജാവിന്റെ  അഞ്ചാം  പിതാമഹൻ   ഇമാം മുഹമ്മദ് ബിൻ സഊദ്  (16871765)  ആദ്യ സൗദി ഭരണത്തിന്  തുടക്കമിട്ട ചരിത്ര സംഭവമാണ്  സ്ഥാപക ദിനം  അനുസ്മരിപ്പിക്കുന്നത്.    മൂന്ന്  നൂറ്റാണ്ടുകൾക്ക്  മുമ്പ്  എ ഡി 1727 (ഹിജ്റ 1139) മുതൽ 1818  (1233)  വരെയായിരുന്നു ദർഇയ്യ  തലസ്ഥാനമായി  കൊണ്ടുള്ള  ആദ്യ  സൗദി ഭരണം.   ഇപ്പോഴത്തെ  തലസ്ഥാനമായ റിയാദിന്റെ വടക്ക്   പടിഞ്ഞാറൻ  പ്രാന്തപ്രദേശത്താണ്  ദർഇയ്യ സ്ഥിതി ചെയ്യുന്നത്. 

അതേസമയം,  സെപ്റ്റംബർ 23 ലെ  ദേശീയ  ദിനം  അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യയുടെ ഏകീകരണം  സാധ്യമാക്കിയ  മറ്റൊരു ചരിത്ര  സംഭവത്തെയാണ്   അടയാളപ്പെടുത്തുന്നത്.   1932  സെപ്തംബർ  23  (1351  ജമാദുൽ അവ്വൽ  21)  നായിരുന്നു  സൗദി  അറേബ്യയുടെ ഏകീകരണം  സംഭവിച്ചത്.     അതോടെ  'ഹിജാസ് - നജ്ദ് - അനുബന്ധ  രാജദേശം' എന്ന  അതുവരെ ഉണ്ടായിരുന്ന  പേര്  മാറുകയും  'സൗദി അറേബ്യൻ  രാജദേശം'  എന്ന  പേരിൽ  ഇന്നും  ശക്തമായി  നിലനിൽക്കുന്ന  രാഷ്ട്രം  യാഥാർഥ്യമാവുകയുമായിരുന്നു.

അതോടെ,  ദേശീയ  പ്രാധാന്യമുള്ള  രണ്ട്  ദിനങ്ങളായി സൗദി അറേബ്യയ്ക്ക്  ആചരിക്കാനും ആഘോഷിക്കാനും - സെപ്റ്റംബർ  23 ന്    'ദേശീയ  ദിനം',  ഫെബ്രുവരി  22 ന്  'സ്ഥാപക ദിനം'  എന്നിവ.   ഇവ  രണ്ടും പൊതു അവധി ദിനങ്ങളാണ്.  സ്ഥാപക ദിനം 2022 ൽ സൽമാൻ രാജാവും    ദേശീയ ദിനം   2005 ൽ  അബ്ദുല്ല രാജാവുമാണ്  പൊതു അവധിയായി പ്രഖ്യാപിച്ചത്. 

ഇനിയുള്ള നിരവധി ദിവസങ്ങളിലായി സൗദിയിലെ പ്രധാന നഗരങ്ങളിലും  ഗ്രാമങ്ങളിലും  മൂന്നാമത് സ്ഥാപക  ദിനം  അടയാളപ്പെടുത്താനായി  ഔദ്യോഗികവും  മറ്റുമായ  നിരവധി  വർണാഭമായ  പരിപാടികൾ  അരങ്ങേറും.     രാജ്യത്തിന്റെ ചരിത്രവും സാംസ്‌കാരിക സാമൂഹികവുമായ പൈതൃകം ഉയർത്തി പിടിക്കുന്ന ഒട്ടനവധി പരിപാടികളും  കല പ്രകടനങ്ങളും  രാജ്യത്തിന്റെ വിവിധ  പ്രദേശങ്ങളിൽ  അരങ്ങു  തകർക്കും.

ദിവസങ്ങൾ നീളുന്ന കരിമരുന്ന് പ്രയോഗവും  ആകാശത്ത്  ഡ്രോണുകളുടെ  അഭ്യാസങ്ങളും  ഉണ്ടായിരിക്കും.   നാട്ടിലെങ്ങും  ആഘോഷ പരിപാടിയുടെ ഭാഗമായി മജ്ലിസുകളൊരുങ്ങും.  സൗദിയിലെ പുരാതന സൂഖുകൾ പ്രതേകം അലങ്കരിക്കും. ആഘോഷ കേന്ദ്രങ്ങളിൽ  സൗദിയുടെ  ആതിഥ്യ  മേന്മയുടെ  മാനങ്ങൾ  ഉയർത്തിക്കാട്ടും.    

സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്തയുടെ ചിത്രം തുടങ്ങി പഴയ സൗദിയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചിഹ്നങ്ങൾ ട്വിറ്റർ സ്‌നാപ്പ് ചാറ്റ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്നുണ്ട്.   ആഘോഷങ്ങളുടെ ഭാഗമാകാൻ ചെറുകിട വൻകിട സ്ഥാപനങ്ങളും മറ്റ് സേവന മേഖലകളും അവരുടെ സാധനങ്ങൾക്കും  സേവനങ്ങൾക്കും  പ്രത്യേക  ഓഫറുകളുമായും  ആഘോഷം  ജനകീയമാക്കുന്നുണ്ട്.

Latest News