Sorry, you need to enable JavaScript to visit this website.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: ഹൈക്കോടതി വിധിയനുസരിച്ച് രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കോഴിക്കോട് - ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍  കുറ്റക്കാരെന്ന് ഹൈക്കോടതി  കണ്ടെത്തിയ രണ്ട് പ്രതികള്‍ മാറാട്  കോടതിയില്‍ കീഴടങ്ങി.  പത്താം പ്രതിയും സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗവുമായ കെ.കെ.കൃഷ്ണന്‍, പന്ത്രണ്ടാം പ്രതിയും സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ ജ്യോതി ബാബുമാണ് ഇന്നലെ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.ആര്‍. ശ്യാംലാല്‍ മുമ്പാകെ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ബീച്ച് ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കുശേഷം ജില്ല ജയിലിലേക്ക് മാറ്റി. കിഡ്‌നികള്‍ തകരാറിലായതിനെ തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് കോടതിയില്‍ എത്തിച്ചത്. ജ്യോതി ബാബുവിന്റെ രോഗ വിവരവും കെ.കെ.കൃഷ്ണന്‍ ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് തുടര്‍ ചികിത്സയിലാണെന്ന കാര്യവും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാന്‍ വിചാരണ കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും പ്രോസിക്യൂഷനും നല്‍കിയ അപ്പീലും, കെ.കെ. രമ എം.എല്‍.എ നല്‍കിയ അപ്പീലും പരിഗണിച്ചാണ് ഹൈക്കോടതി രണ്ടുപേര്‍ കൂടി കുറ്റക്കാരെന്ന് വിധിച്ചത്. ഇരു പ്രതികള്‍ക്കും ജാമ്യമില്ലാ വാറണ്ടും ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഈമാസം 26ന് ഇരുവരെയും ഹൈക്കോടതിയില്‍ ഹാജരാക്കും. കെ.കെ. കൃഷ്ണന്‍ അഡ്വ. കെ.എം. രാംദാസ് മുഖേനയും ജ്യോതി ബാബു അഡ്വ. കെ. വിശ്വന്‍ മുഖേനയുമാണ് കോടതിയില്‍ ഹാജരായത്. സി.പി.എം ഒഞ്ചിയം, പാനൂര്‍ ഏരിയ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പ്രതികള്‍ക്കൊപ്പം കോഴിക്കോട്ടെ കോടതിയിലെത്തിയിരുന്നു.

 

Latest News