മാനന്തവാടി - വടക്കേവയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിന്റെ ജീവനെടുത്ത മോഴയെ മയക്കുവെടിവെച്ച് പിടിക്കാന്‍ കൂടുതല്‍ വിദഗ്ധരെത്തി. ഹൈദരാബാദില്‍നിന്നുള്ള വന്യജീവി വിദഗ്ധന്‍ നവാബ് അലി ഖാനും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്നുള്ള നാല് സാങ്കേതിക വിദഗ്ധരുമാണ് പുതുതായി ദൗത്യസംഘത്തിന്റെ ഭാഗമായത്. സംസ്ഥാന വനം വകുപ്പ് അഭ്യര്‍ത്ഥിച്ചപ്രകാരമാണ് ഇവര്‍ ജില്ലയിലെത്തിയത്. ആനയെ പിടിക്കുന്നതില്‍ ഇവര്‍ സാങ്കേതിക സഹായവും ഉപദേശവും നല്‍കും. നിലവില്‍ കര്‍ണാടക വനത്തില്‍ ചുറ്റിത്തിരിയുന്ന ആന കേരള അതിര്‍ത്തിക്കുള്ളില്‍ സൗകര്യപ്രദമായ ഇടത്തില്‍ എത്തുന്ന മുറയ്ക്ക് മയക്കുവെടി പ്രയോഗിക്കാനാണ് ദൗത്യ സേനയുടെ പദ്ധതി. ഈ മാസം 10നാണ് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് അജീഷ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായതനുസരിച്ച് അന്ന് ഉച്ചകഴിഞ്ഞ് തുടങ്ങിയതാണ് ആനയെ പിടിക്കാനുള്ള ശ്രമം. 11 ദിവസം കഴിഞ്ഞിട്ടും ഇത് ലക്ഷ്യപ്രാപ്തിയില്‍ എത്താത്തതില്‍ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം അജീഷിന്റെ വീട്ടിലെത്തിയ റവന്യൂ മന്ത്രി കെ.രാജന്‍, വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, തദ്ദേശ ഭരണമന്ത്രി എം.ബി.രാജേഷ് എന്നിവരെ കുടുംബാംഗങ്ങളും പ്രദേശവാസികളും പ്രതിഷേധം അറിയിച്ചിരുന്നു.
ജനവാസകേന്ദ്രങ്ങളില്‍ ശല്യം ചെയ്തതിനെത്തുര്‍ടന്നു കര്‍ണാടക വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഖ്ന എന്നറിയപ്പെടുന്ന ആനയാണ് അജീഷിനെ കൊലപ്പെടുത്തിയത്. ജനുവരി ആദ്യമാണ് ഈ ആനയുടെ സാന്നിധ്യം വയനാട് വനഭാഗത്ത് ആദ്യമായി സ്ഥിരീകരിച്ചത്.