ന്യൂഡൽഹി - തന്റെ വീട് ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലെ സി.ബി.ഐ റെയ്ഡിൽ പ്രതികരണവുമായി ജമ്മു & കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്.
'കഴിഞ്ഞ മൂന്നു നാലുദിവസമായി ഞാൻ അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുകയാണെങ്കിലും ഒരു ഏകാധിപതി സർക്കാർ ഏജൻസികൾ വഴി തന്റെ വീട് റെയ്ഡ് ചെയ്യുകയാണ്. എന്റെ ഡ്രൈവറെയും എന്റെ സഹായിയെയും അനാവശ്യമായി റെയ്ഡ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ ഒരു കർഷകന്റെ മകനാണ്. ഈ റെയ്ഡുകളെ ഞാൻ ഭയപ്പെടില്ല. ഞാൻ കർഷകർക്കൊപ്പമാണെന്നും' സത്യപാൽ മാലിക് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
ജമ്മു&കശ്മീരിലെ ജലവൈദ്യുത പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മലികിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്. പുൽവാമയിൽ 40 ഇന്ത്യൻ സൈനികൾക്ക് ജീവൻ നഷ്ടമായത് മോഡി സർക്കാറിന്റെ സുരക്ഷാ വീഴ്ചയാണെന്ന് സത്യപാൽ മലിക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു.
പുൽവാമയിൽ ഇന്ത്യൻ സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടായ അന്ന് വൈകീട്ട് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിൽ ഫോട്ടോ ഷൂട്ടിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഞാൻ സംസാരിച്ചിരുന്നു. നമ്മുടെ വീഴ്ചയാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും പ്രധാനമന്ത്രിയോട് ഫോണിൽ പറഞ്ഞുവെന്നുമായിരുന്നു മലിക് വെളിപ്പെടുത്തിയത്. അപ്പോൾ ഇക്കാര്യം ഇപ്പോൾ മിണ്ടരുതെന്നായിരുന്നു മോഡിയുടെ നിർദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായിരുന്ന ദേശീയ സുരക്ഷ ഉപദേശകൻ അജിത് ഡോവലും പറഞ്ഞു. ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തിൽ കൊണ്ടുപോകുന്നതിന് പകരം സി.ആർ.പി.എഫ് അധികൃതർ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്തുത ആവശ്യം തള്ളിയെന്നും മലിക് വ്യക്തമാക്കിയിരുന്നു. അഞ്ചു വിമാനങ്ങളാണ് സൈനികർ ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നെന്നും ആഭ്യന്തരമന്ത്രാലയവും സി.ആർ.പി.എഫും പുൽവാമ സംഭവത്തിൽ തികഞ്ഞ അനാസ്ഥ കാണിച്ചെന്നും ജമ്മു മുൻ ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിരോധത്തിലായ മോഡി സർക്കാർ തന്നെ വേട്ടയാടുകയാണെന്നാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സത്യപാൽ മലിക് പറയുന്നത്.