ബെംഗളൂരു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, നടി ഐശ്വര്യ റായിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സെലബ്രിറ്റികളടക്കം പങ്കെടുത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കൂട്ടത്തില്‍ ചടങ്ങില്‍ പങ്കെടുക്കാത്ത ഐശ്വര്യ റായിയുടെ പേരും എടുത്തുപറഞ്ഞിരുന്നു. ഇതിനുപുറമെ പല വിഷയങ്ങളിലും അദ്ദേഹം ഐശ്വര്യ റായിയുടെ പേരെടുത്ത് പരാമര്‍ശിച്ച് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.
ഐശ്വര്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ രാഹുല്‍ ഏറ്റവും തരംതാഴ്ന്ന തലത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹത്തിന്റേത് കന്നഡവിരുദ്ധ പരാമര്‍ശങ്ങളാണെന്നും കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും ബി.ജെ.പി. ആരോപിച്ചു.
അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഐശ്വര്യ റായ് ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പ്രതിഷ്ഠാ ചടങ്ങില്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, നരേന്ദ്ര മോഡി എന്നിവര്‍ ഉണ്ടായിരുന്നു. എന്നാല്‍, അവിടെ ഒ.ബി.സി. നേതാക്കളാരെങ്കിലും ഉണ്ടായിരുന്നോ എന്ന് ന്യായ് യാത്രയില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.