ഹൈദരാബാദ് - ലോകസഭാ തെരഞ്ഞെടുപ്പും ഗര്‍ഭ നിരോധന ഉറകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഗര്‍ഭ നിരോധന ഉറകള്‍ വലിയ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് ആന്ധ്രാ പ്രദേശിലെ രാഷ്ട്രീയ കക്ഷികള്‍. സംസ്ഥാനത്തെ രണ്ട് പ്രധാന പാര്‍ട്ടികളും അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച ഗര്‍ഭ നിരോധ ഉറയുടെ പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ ഗര്‍ഭ നിരോധന ഉറകള്‍ അടങ്ങിയ പായ്ക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ലോക്സഭാ തെരഞ്ഞെടുപ്പിനായി വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ ഉറകളുടെ പാക്കറ്റുകളും വിതരണം ചെയ്യുന്നതായും ആരോപണം ഉയര്‍ന്നു. അതേസമയം, ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികളും പരസ്പരം ആക്ഷേപിച്ച് രംഗത്തെത്തി. ടി ഡി പിയുടെ നിലവാരം എത്ര താഴ്ന്നു എന്നതിന്റെ ഉദാഹരണമാണ് ഗര്‍ഭ നിരോധന ഉറകളുടെ വിതരണമെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സില്‍ 'ആരോപിച്ചു.
പൊതുജനങ്ങള്‍ക്ക് വയാഗ്ര വിതരണം ചെയ്യാന്‍ തുടങ്ങുമോയെന്നും വൈ എസ് ആര്‍ കോണ്‍ഗ്രസ് ചോദിച്ചു. തൊട്ടുപിന്നാലെ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ച ഗര്‍ഭ നിരോധന പാക്കറ്റുകളുടെ ചിത്രങ്ങള്‍ ടി ഡി പിയും പോസ്റ്റ് ചെയ്തു.