ന്യൂദല്‍ഹി - കേന്ദ്ര സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ `എക്‌സ് ' പ്ലാറ്റ്‌ഫോം രംഗത്ത്. ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവന്ന ആരോപണമാണ് `എക്‌സ്´ ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് ' എക്‌സ് ' അവകാശപ്പെട്ടു. അതേസമയം കമ്പനിയുടെ ആരോപണങ്ങളോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സില്‍ എഴുതിയ പോസ്റ്റിലാണ് ഈ ആരോപണം. അതേസമയം സര്‍ക്കാര്‍ ഉത്തരവ് പാലിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ പോസ്റ്റുകള്‍ തടഞ്ഞുവയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി നീക്കത്തോട് വിയോജിക്കുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് വിധേയമായി നിര്‍ദ്ദിഷ്ട അക്കൗണ്ടുകളിലും പോസ്റ്റുകളിലും എക്‌സ് ഇടപെടണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.