ന്യൂദൽഹി-ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ എ.എ.പി. അംഗം വിജയിച്ചതായുള്ള കോടതി വിധിയിലൂടെ രാജ്യത്തിൻ്റെ ജനാധിപത്യത്തെ സംരക്ഷിച്ച സുപ്രീം കോടതിക്കും ഇന്ത്യൻ ചീഫ് ജസ്റ്റിസിനും നന്ദിയറിയിച്ച് ദൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിയുടെ 'അധർമ്മം' അവസാനിപ്പിക്കുന്നതിനായി വിഷയത്തില്‍ ഇടപെടാന്‍ ദൈവം തീരുമാനിച്ചതായും ചീഫ് ജസ്റ്റിസിലൂടെ ദൈവം സംസാരിക്കുന്നത് പോലെയാണ് തോന്നിയതെന്നും നിയമസഭയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി. എന്തും ചെയ്യുമെന്നും എംഎൽഎമാരെ വേട്ടയാടുന്നതിലും സർക്കാരുകളെ പരസ്യമായി അട്ടിമറിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ശ്രീരാമൻ്റേയും ശ്രീകൃഷ്ണൻ്റേയും ശിവ-പാർവതിയുടെയും ഭക്തരെല്ലാം രാജ്യത്തിനൊപ്പമാണെന്നും ഏറ്റവുമൊടുവിൽ ബിജെപിയുടെ 'അധർമ്മം' അവസാനിക്കുകയും 'ധർമ്മം' വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 30-ന് നടന്ന ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചതോടെയാണ് ബി.ജെ.പി. സ്ഥാനാർഥി മനോജ് സോങ്കർ മേയറായി ജയിച്ചത്. അസാധുവാക്കി മാറ്റിവെച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയ കോടതി അത് എണ്ണാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച എ.എ.പി. അംഗം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 16-നെതിരെ 20 വോട്ടുകൾക്കായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിന്റെ ജയം.
കർഷകരുടെ പ്രതിഷേധത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച കെജ്‌രിവാൾ, എന്തുകൊണ്ടാണ് പ്രക്ഷോഭം നടത്തുന്ന കർഷകരെ ദൽഹിയിലെത്താൻ അനുവദിക്കാത്തതെന്ന് ചോദിച്ചു. കേന്ദ്രം കർഷകരുടെ വിളകൾക്ക് വില നൽകുന്നില്ലെന്ന് മാത്രമല്ല അവരുടെ വാക്കുകൾ കേൾക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.