കൊച്ചി- എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ അനുയോജ്യ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ തിരഞ്ഞെടുപ്പു വേളകളില്‍ വിഷമവൃത്തത്തിലാകാറുള്ള സി പി എം ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ പുതിയൊരു സ്ഥാനാര്‍ഥിയെ പരീക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ നറുക്കുവീണത് താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന കെ ജെ ഷൈന്‍ എന്ന അധ്യാപികയ്ക്ക്. സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയില്‍ പാര്‍ട്ടിയില്‍ സുപരിചിതയാണ് കെ.ജെ ഷൈന്‍.
സൗമ്യമധുരമായ പെരുമാറ്റം കൊണ്ട് പാര്‍ട്ടി വേദികളില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ള കെ ജെ ഷൈന്‍ ടീച്ചറിന്റെ പ്രവര്‍ത്തന മേഖല എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വടക്കന്‍ പറവൂരാണ്. പറവൂരിലെ രാഷ്ട്രീയരംഗത്തും സാംസ്‌കാരിക രംഗത്തും സജീവമാണ് മികച്ച പ്രാസംഗിക കൂടിയായ കെ.ജെ.ഷൈന്‍. പറവൂര്‍ ഡി.ആര്‍.സിയിലാണ് ഷൈന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. പറവൂരിലെ ഇ.എം.എസ്. സാംസ്‌കാരിക പഠന കേന്ദ്രം ഉള്‍പ്പെടെയുള്ള വേദികളിലും നിറസാന്നിധ്യമാണ്. സദാ ചിരിക്കുന്ന മുഖവുമായി പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും പ്രത്യക്ഷപ്പെടാറുള്ള കെ ജെ ഷൈന്‍ ജില്ലയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുപരിചിതയാണ്. കഴിഞ്ഞ മൂന്ന് ടേമായി വടക്കന്‍ പറവൂര്‍ നഗരസഭാംഗമാണ് കെ.ജെ. ഷൈന്‍. നിലവില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആണ്. ഊര്‍ജസ്വലമായ സാന്നിധ്യം കൊണ്ട് എതിരാളികളുടെ കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കിയാണ് നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ കെ ജെ ഷൈന്‍ വിജയിച്ചിരുന്നത്.
മതന്യൂനപക്ഷത്തില്‍ നിന്നും പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗത്തില്‍ നിന്നൊരു മികച്ച സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ കഴിയാതെ പോയതാണ് കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന് തിരഞ്ഞെടുപ്പുകളില്‍ തലവേദനയായിരുന്നത്. മതപരമായ പരിഗണന മാത്രം വെച്ച് അപ്രശസ്തരായ സ്വതന്ത്രന്‍മാരെ രംഗത്തിറക്കേണ്ട ഗതികേട് വരെ പലപ്പോഴുമുണ്ടായി. ഇക്കുറി കെ വി തോമസിന്റെ മകള്‍ രേഖാ തോമസിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുതുമുഖങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നില്ലെങ്കില്‍ ഭാവി തിരഞ്ഞെടുപ്പുകളിലും അത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി അംഗങ്ങളുടെ പേരുകളിലേക്ക് പട്ടിക ചുരുങ്ങിയത്. കെ ജെ ഷൈന്റെ പേര് മുന്നോട്ടു വെച്ചത് മന്ത്രി പി രാജീവ് ആണെന്നാണ് സൂചന. കേരള കാത്തലിക് യൂത്ത് മൂവ്മെന്റില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈന്‍ ടീച്ചറുടെ മതപരമായ പശ്ചാത്തലവും അനുകൂല ഘടകമായി.
ചേന്ദമംഗലം ഗോതുരുത്ത് പോണത്ത് ജോസഫ്-മേരി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ്. ഭര്‍ത്താവ് ഡൈന്യൂസ് തോമസ്, പഞ്ചായത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ആരോമല്‍, ചൈനയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന അലന്‍, ബിരുദ വിദ്യാര്‍ഥിനിയായ ആമി എന്നിവരാണ് മക്കള്‍.