Sorry, you need to enable JavaScript to visit this website.

ലോണ്‍ ആപ്പ് തട്ടിപ്പ്: ലോട്ടറി തൊഴിലാളി ജീവനൊടുക്കിയ കേസില്‍ നാല് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍

കല്‍പറ്റ- ലോട്ടറി തൊഴിലാളി പൂതാടി താഴെമുണ്ട ചിറക്കൊന്നത്ത് അജയരാജ് (44) ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ജീവനൊടുക്കിയ കേസില്‍ ഗുജറാത്തുകാരായ നാലു പേര്‍ അറസ്റ്റില്‍. ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമിര്‍ഭായ് (30), കല്‍വത്തര്‍ മുഹമ്മദ് ഫരിജ് (20), അലി അജിത്ത് ഭായ് (43) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ പി. ജെ. കുര്യാക്കോസും സംഘവും അറസ്റ്റു ചെയ്തത്. 

തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരത്തിന്റെ  അടിസ്ഥാനത്തില്‍ ഈ മാസം 12ന് ഗുജറാത്തിനു തിരിച്ച പോലീസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ 17ന് രാത്രി ബവസാര പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലങ്ങള്‍ വളഞ്ഞാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. എം. പ്രവീണ്‍, ഫിറോസ്ഖാന്‍, സൈബര്‍സെല്‍ എസ്. സി. പി. ഒ എം. ടി. ബിജിത്ത് ലാല്‍,   മീനങ്ങാടി സ്റ്റേഷനിലെ സി. പി. ഒ എം. ഉനൈസ്, അഫ്സല്‍, ഡ്രൈവര്‍ ഗ്രേഡ് എ. എസ്. ഐ ബൈജു, ഡ്രൈവര്‍ എസ്. സി. പി. ഒ ടി. കെ. നസി എന്നിവരും അടങ്ങുന്നതാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത സംഘം.

സെപ്റ്റംബര്‍ 16ന് അരിമുള എസ്റ്റേറ്റിലാണ് അജയ്രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ലോട്ടറി ടിക്കറ്റ് എടുക്കാന്‍ രാവിലെ വീട്ടില്‍നിന്നുപോയ അജയ്രാജ് ദീര്‍ഘനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. സുഹൃത്തുക്കളും മറ്റും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് അന്വേഷണത്തില്‍ അജയ്രാജിന്റെ വാഹനം അരമുള എസ്റ്റേറ്റിനു സമീപം കണ്ടെത്തി. പന്തികേട് തോന്നിയ സുഹൃത്തുക്കള്‍ തോട്ടം പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 

അന്നു രാത്രി അജയ്രാജിന്റെയും കുടുംബാംഗങ്ങളുടെയും ഫോണില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് അജയ് രാജ് ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയായെന്നു വ്യക്തമായത്. അജയ്രാജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് അദ്ദേഹം 'ക്യാന്‍ഡികാഷ്' ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി മനസിലാക്കി.  

ഐ. പി അഡ്രസ് ഉപയോഗപ്പെടുത്തി ഈ ആപ്പിന്റെ ഉറവിടം കണ്ടെത്താനായതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. ബാങ്ക് അക്കൗണ്ടും മൊബൈല്‍ സിം കാര്‍ഡുകളും മാറിമാറി ഉപയോഗിക്കുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ലോണ്‍ ആപ്പ് തട്ടിപ്പിലൂടെ അജയ്രാജിന് എത്രമാത്രം സാമ്പത്തികനഷ്ടം ഉണ്ടായെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മീനങ്ങാടി പോലീസ് ഗുജറാത്തിനു പോയത്.

Latest News