ന്യൂദല്‍ഹി- ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു)യില്‍ രണ്ടു വര്‍ഷം മുമ്പ് ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ശേഷം കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെ കണ്ടെത്താനുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കേസ് അന്വേഷിക്കുന്ന സി.ബി.ഐ. ഈ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ചൊവ്വാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ സി.ബി.ഐ വ്യക്തമാക്കി. ഈ നീക്കത്തെ നജീബിന്റെ ഉമ്മ കോടതിയില്‍ എതിര്‍ത്തു. ഇതു രാഷ്ട്രീയ കേസാണെന്നും സി.ബി.ഐ തങ്ങളുടെ യജമാനന്‍മാരുടെ സമ്മദ്ദര്‍ത്തിനു വഴങ്ങിയാണ് കേസ് അവസാനിപ്പിക്കുന്നതെന്നും നജീബിന്റെ ഉമ്മയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2016 ഒക്ടോബര്‍ മുതല്‍ കാണാതായ നജീബിനെ അന്വേഷിച്ചു കണ്ടെത്താന്‍ പോലീസിനോട് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഉമ്മ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഈ ഹര്‍ജി ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിപറയാന്‍ മാറ്റി. 2016 ഒക്ടോബര്‍ 15ന് ജെ.എന്‍.യുവിലെ മഹി-മണ്ഡവി ഹോസ്റ്റലില്‍ നിന്നാണ് നജീബിനെ കാണാതായത്. ഇതിനു തൊട്ടുമുമ്പത്തെ ദിവസം നജീബുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.
ദല്‍ഹി പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് സി.ബി.ഐക്കു വിടുകയായിരുന്നു. കേസിലെ എല്ലാ വശങ്ങളും വിശദമായി അന്വേഷണം നടത്തി പൂര്‍ത്തിയാക്കിയെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. മതിയായ തെളിവുകള്‍ ലഭിക്കാത്ത പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 169 അനുസരിച്ചാണ് കേസ് അവസാനിപ്പിക്കുന്നതെന്നും സി.ബി.ഐ പറയുന്നു. ഇതുവരെ കേസ് അവസാനിപ്പിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഹൈക്കോടതിയെ ഇക്കാര്യമറിയിക്കാതെ വിചാരണ കോടതിയില്‍ കേസ് അവസാനിപ്പിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. നജീബിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഒരു കുറ്റകൃത്യം പോലും നടന്നിട്ടില്ലെന്നാണ് സി.ബി.ഐ മനസ്സിലാക്കുന്നതെന്ന് സി.ബി.ഐ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍ പറഞ്ഞു.
അതേസമയം, സി.ബി.ഐ ഈ കേസ് മികച്ച രീതിയില്‍ ഈ കേസ് അന്വേഷിക്കുകയോ പരമാവധി ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ പറഞ്ഞു. പിടിയിലായ പ്രതികളെ സി.ബി.ഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാതിരുന്നത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നീതിപൂര്‍വ്വകമായ അന്വേഷണം നടത്തുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടെന്നും യജമാനന്മാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പരാതിയില്‍ ചൂണ്ടിക്കാട്ടിയ നജീബിനെ ആക്രമിച്ച വിദ്യാര്‍ത്ഥികളായ ഒമ്പതു പ്രതികളേയും 18 ദൃക്‌സാക്ഷികളേയും ചോദ്യം ചെയ്തിട്ടു പോലുമില്ലെന്ന് ഗോണ്‍സാല്‍വസ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.