അബുദാബി- ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ 'നീറ്റ്' കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനം. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടക്കുമെന്ന് എന്‍.ടി.എ 'എക്സില്‍' അറിയിച്ചു.
യു.എ.ഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ നഗരങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. ഖത്തര്‍ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാന്‍ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), ബഹ്റൈന്‍ (മനാമ) ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തായ്ലന്ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കേന്ദ്രങ്ങളുണ്ട്.
ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തിരുത്താന്‍ അവസരമുണ്ടാവും. മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവസാനിച്ച ശേഷം, തിരുത്തിനുള്ള അവസരം നല്കുമ്പോള് ഇവര്‍ക്ക് വിദേശത്ത് സെന്ററുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.