ഹൈദരാബാദ്- വിവാഹത്തിന് മുമ്പ് ചിരി മനോഹരമാക്കാന്‍ ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് സംഭവം. ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ വിഞ്ജം (28) ആണ് മരിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് ജൂബിലി ഹില്‍സ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബൈദരാബാദ് ജൂബിലി ഹില്‍സിലെ എഫ്.എം.എസ്. ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കില്‍ ഫെബ്രുവരി 16നായിരുന്നു സംഭവം. വിവാഹത്തിന് മുന്നോടിയായി സ്‌മൈല്‍ ഡിസൈനിങ് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് യുവാവ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ലക്ഷ്മി നാരായണയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
അമിതമായ അളവില്‍ അനസ്‌തേഷ്യ നല്‍കിയതാണ് മകന്റെ മരണത്തിന്റെ കാരണമെന്ന് ലക്ഷ്മി നാരായണയുടെ പിതാവ് ആരോപിച്ചു. ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ അറിയിച്ചിരുന്നില്ലെന്നും ആശുപത്രി ജീവനക്കാര്‍ വിളിക്കുമ്പോഴാണ് സംഭവത്തെപ്പറ്റി അറിഞ്ഞതെന്നും ഇയാള്‍ പറയുന്നു. ലക്ഷ്മിനാരായണ ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരാണ് മതാപിതാക്കളെ വിളിച്ച് ക്ലിനിക്കിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. ഇവര്‍ എത്തി ലക്ഷ്മി നാരായണയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.