തിരുവനന്തപുരം - കേരള സര്‍വകലാശാല സെനറ്റില്‍ ചട്ടം ലംഘിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ച സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ ബുധനാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്ഭവനിലെത്തി ഗവര്‍ണക്ക് നേരിട്ടാകും റിപ്പോര്‍ട്ട് കൈമാറുക. സംഭവത്തില്‍ ഈമാസം 18 ന് വൈസ് ചാന്‍സിലറെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടിയിരുന്നു.
ഫെബ്രുവരി 16 ന് ചേര്‍ന്ന സെനറ്റ് യോഗത്തിന്റെ വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. യോഗത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, നടപടിക്രമങ്ങള്‍, ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് നല്കുക. പ്രോ ചാന്‍സിലര്‍ സെനറ്റ് യോഗം നിയന്ത്രിച്ചത് ചട്ടലംഘനമെന്നാണ് വിസിയുടെ റിപ്പോര്‍ട്ടെന്നാണ് സൂചന. 16 ന് നടന്ന സെനറ്റ് യോഗത്തില്‍ പ്രോ ചാന്‍സലറായ മന്ത്രി യോഗം നിയന്ത്രിക്കുന്നതിനെ വിസി എതിര്‍ത്തിരുന്നു. തുടര്‍ന്ന് മന്ത്രി രജ്‌സിട്രാറെ കൊണ്ട് തയ്യാറാക്കിയ മിനുട്‌സിലും വിസി ഒപ്പിട്ടിരുന്നില്ല. വിസി ഒപ്പിടാത്ത മിനുട്‌സാണ് രജിസ്ട്രാര്‍ രാജ്ഭവന് അയച്ചത്. കൂടാതെ സെനറ്റ് യോഗത്തില്‍ മന്ത്രി നടത്തിയ ചട്ടലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണറുടെ നോമിനികളും പരാതി നല്കിയിട്ടുണ്ട്.
ഫെബ്രുവരി 16 ന് ചേര്‍ന്ന സെനറ്റ് യോഗം റദ്ദ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള നിയമോപദേശവും രാജ്ഭവന്‍ തേടിയിട്ടുണ്ട്. മന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നും സെനറ്റ് യോഗം നിയന്ത്രിക്കാന്‍ വിസിയെ മാത്രമാണ് താന്‍ ചുമതലപ്പെടുത്തിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സെനറ്റ് യോഗത്തില്‍ ഗവര്‍ണറുടെ നോമിനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ നോമിനികള്‍ക്ക് പോലീസ് സുരക്ഷ നല്കുന്നത് സംബന്ധിച്ച കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.