കൊച്ചി- ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്ക് പ്രത്യേക എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ബുക്ക് ചെയ്യാനാവും.
ചെക്ക് ഇന്‍ ബാഗേജുകളില്ലെങ്കില്‍ സാധാരണ നിരക്കിനെക്കാള്‍ കുറവാണ് എക്‌സ്പ്രസ് ലൈറ്റ് നിരക്ക് വാഗ്ദാനം ചെയ്യുന്നത്. എക്‌സ്പ്രസ് ലൈറ്റ് ചെക്ക് ഇന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും ക്യൂ നില്ക്കുന്നത് ഒഴിവാക്കാനുമാവും. മാത്രമല്ല മൂന്ന് കിലോ അധിക ക്യാബിന്‍ ബാഗേജ് അലവന്‍സും ഇവര്‍ക്ക് ലഭിക്കും.
യാത്രക്കാര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ അധികമായി മൂന്നു കിലോ കാബിന്‍ ബാഗേജ് കൂടി പ്രീ ബുക്ക് ചെയ്യാനാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏഴു കിലോയുടെ സ്റ്റാന്‍ഡേര്‍ഡ് കാബിന്‍ ബാഗേജ് അലവന്‍സിനു പുറമേയാണിത്. വെബ് സൈറ്റിലോ മൊബൈല്‍ ആപ്പിലോ ബുക്ക് ചെയ്യുമ്പോള്‍ മാനേജ് അല്ലെങ്കില്‍ ചെക്ക്-ഇന്‍ സെക്ഷനുകളില്‍ ഇതു സാധിക്കും.
എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തശേഷം ചെക്ക് ഇന്‍ ബാഗേജ് സേവനം പിന്നീട് ആവശ്യമായി വന്നാല്‍ അവര്‍ക്ക് 15 കിലോയോ 20 കിലോഗ്രാമോ അധിക ബാഗേജ് കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിമാനത്താവളത്തിലെ എയര്‍ ലൈനിന്റെ കൗണ്ടറുകളില്‍ നിന്നും ഈ ചെക്ക് ഇന്‍ ബാഗേജ് സേവനങ്ങള്‍ ലഭ്യമാണ്.
എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളുടെ പ്രഖ്യാപനം പുതിയ തുടക്കമാണെന്നും ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള രീതിയാണ് എക്‌സ്പ്രസ് ലൈറ്റിലൂടെ അവതരിപ്പിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആഭ്യന്തര, അന്തര്‍ദേശീയ നെറ്റ്‌വര്‍ക്കുകളില്‍ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.