Sorry, you need to enable JavaScript to visit this website.

കേരളത്തിന് കേന്ദ്രത്തിന്റെ ഭീഷണി; 13000 കോടി ലഭിക്കാൻ കേസ് പിൻവലിക്കണമെന്ന് ബ്ലാക്‌മെയിലിംഗ് - മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം - കുടിശ്ശിക അനുവദിക്കാത്തതും വായ്പാ പരിധി ഉയർത്തുന്നതുമായും ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചതോടെ കേന്ദ്രം സംസ്ഥാനത്തെ ഭീഷണിപ്പെടുത്തുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്നാണ് കേന്ദ്രത്തിന്റെ ബ്ലാക്ക് മെയിലിങ്ങെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. 
 ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് കേരളം ഉൾപ്പെടെ ഇതര സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. ചർച്ച ചെയ്ത് തീർത്തു കൂടെ എന്ന് കോടതി വരെ ചോദിച്ചു. അതിനുശേഷമാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായതെന്നും മന്ത്രി വ്യക്തമാക്കി. 
 യൂണിയൻ-സ്റ്റേറ്റ് തർക്കം കോടതിയിൽ പോകുന്നത് അത്യപൂർവമാണ്. 13000 കോടി രൂപയോളം കേന്ദ്രസർക്കാർ കേരളത്തിന് തരാനുണ്ട്. അങ്ങേയറ്റം ഭരണഘടനവിരുദ്ധ നിലപാടാണ് കേന്ദ്രത്തിന്റേത്. സംസ്ഥാനത്തിന് പണം ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്നാണ് കേന്ദ്ര നിലപാട്. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുള്ള പണം തരില്ലെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി. ഇത് അംഗീകരിക്കാനാവില്ല. 13,000കോടി നൽകാനുണ്ടെന്നത് കേന്ദ്രം അംഗീകരിക്കുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങൾ പേമെന്റ് കൂടുതലുള്ള മാസങ്ങളാണ്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പണം കിട്ടാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചതിന് ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
 

Latest News