കൊൽക്കത്ത - പശ്ചിമ ബംഗാളിൽ തലപ്പാവണിഞ്ഞ സിഖ് പോലീസിനെ ബി.ജെ.പി സംഘം ഖാലിസ്ഥാനിയെന്ന് വിളിച്ചതിനെ അപലപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക് തലപ്പാവ് ധരിച്ചവരെല്ലാം ഖാലിസ്ഥാനികളാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. 'നമ്മുടെ രാജ്യത്തോടുള്ള അവരുടെ ത്യാഗങ്ങൾക്കും അചഞ്ചലമായ നിശ്ചയദാർഢ്യത്തിനും ആദരണീയരായ നമ്മുടെ സിഖ് സഹോദരന്മാരുടെയും സഹോദരിമാരുടെയും പ്രശസ്തി തകർക്കാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി അപലപിക്കുന്നവെന്നും മമതാ ബാനർജി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തി. 'ബി.ജെ.പിയിൽ പെട്ടവരുടെ മോശം പെരുമാറ്റം നോക്കൂ, രാവും പകലും രാജ്യത്തെ സേവിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെ തലപ്പാവ് ധരിച്ചതിനാൽ ഖാലിസ്ഥാനി എന്ന് വിളിക്കുന്നു' എന്ന് കോൺഗ്രസ് എക്‌സിൽ കുറിച്ചു.
പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള സന്ദേശ് ഖാലി പ്രതിഷേധം തടഞ്ഞതിന് പിന്നാലെയാണ് സിഖ് വേഷമണിഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ ജസ്പ്രീത് സിംഗിനെതിരെ പ്രക്ഷോഭകർ 'ഖാലിസ്ഥാനി' എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
ഇന്ത്യയിൽ സിഖുകാർക്കായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവർ എന്ന അർത്ഥത്തിൽ 'ഖാലിസ്ഥാനി' എന്ന് വിളിച്ചതിനെതിരേ പോലീസ് ഓഫീസർ ബി.ജെ.പി സംഘത്തോട് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
'നിങ്ങൾ എന്തിനാണ് എന്നെ ഖാലിസ്ഥാനി എന്ന് വിളിച്ചത്? ഞാൻ തലപ്പാവ് ധരിച്ചതിനാണോ? ആരെങ്കിലും നിങ്ങളുടെ മതത്തെക്കുറിച്ച് സംസാരിച്ചോ? എന്തിനാണ് നിങ്ങൾ എന്റെ മതത്തെക്കുറിച്ച് സംസാരിച്ചത്? തന്റെ ഡ്യൂട്ടി ചെയ്യുന്നതിനാലാണോ? ഇതാണോ നിങ്ങളുടെ നിലവാരമെന്ന്' പോലീസ് ഓഫീസർ സമരക്കാരോട് ചോദിക്കുകയുണ്ടായി. സംഭവത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൽക്കത്ത ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെയാണ് പശ്ചിമ ബംഗാളിലെ 24 നോർത്ത് പർഗാനാസ് ജില്ലയിലെ സന്ദേശ് ഖാലിയിലേക്ക് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള എം.എൽ.എമാരുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിന്റെ അനുയായികളും ബലപ്രയോഗത്തിലൂടെ ഭൂമി കൈക്കലാക്കി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ബി.ജെ.പി പ്രക്ഷോഭം. ഇത് തടഞ്ഞതാണ് ബി.ജെ.പി നേതാക്കളുടെ പ്രകോപനത്തിന് കാരണം.