Sorry, you need to enable JavaScript to visit this website.

പശുവിനെ ചികിത്സിക്കാന്‍ കൊണ്ടു പോയ വയോധികനെ ഗോരക്ഷാ ഗുണ്ടകള്‍ വഴിയില്‍ തടഞ്ഞ് ആക്രമിച്ചു

ലഖ്‌നോ- രോഗിയായ പശുവിനു ചികിത്സ നല്‍കാനായി കൊണ്ടു പോകുന്നതിനിടെ 70കാരനെ ഗോരക്ഷാ ഗുണ്ടകള്‍ തടഞ്ഞ് മര്‍ദിച്ചു.  ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ അഞ്ചു ദിവസം മുമ്പാണ് സംഭവം. രോഗിയായ തന്റെ പശുവിന് ചികിത്സ നല്‍കാന്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു വയോധികനായ കൈലാസ് നാഥ് ശുക്ല. നന്ദ്പൂര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ ഗോരക്ഷാ ഗുണ്ടകള്‍ വഴി തടഞ്ഞ് ശുക്ലയെ ചോദ്യം ചെയ്യുകയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. രോഗിയായ പശുവിനെ ഗ്രാമത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുവന്നതാണെന്നാരോപിച്ചായിരുന്നു ആക്രമണം. താനൊരു ബ്രാഹ്മണനാണെന്നും തൊട്ടടുത്ത പ്രദേശത്തെ മൃഗ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുകയാണെന്നും കേണപേക്ഷിച്ചിട്ടും ആക്രമികള്‍ മര്‍ദനം തുടരുകയായിരുന്നു. വടികൊണ്ടും മറ്റും അടിച്ചും തൊഴിച്ചും അവശനാക്കിയ ശേഷം ആക്രമി സംഘം റോഡരികിലെ ചാലില്‍ തള്ളുകയും ചെയ്തു.

രോഗിയായ പശുവിനെ ശുക്ല തൊട്ടടുത്ത ഗ്രാമത്തിലെ ഒരു മുസ്ലിമിന് വില്‍ക്കാന്‍ കൊണ്ടു പോകുകയായിരുന്നെന്ന് ആക്രമി സംഘത്തിലൊരാള്‍ പറഞ്ഞതോടെ ആള്‍കൂട്ടം ആക്രമണം ഒന്നുകൂടി ശക്തി കൂടി. അഴുക്കു ചാലില്‍ വീണുകിടക്കുകയാരുന്ന ശുക്ലയെ പുറത്തെടുക്കുകുയം മൊട്ടയടിക്കുകയും മുഖത്ത് കറുത്ത ചായം പൂശി ചങ്ങലക്കിട്ട് നടത്തിക്കുകയും ചെയ്തു. പശുവിനെ അപമാനിച്ചാല്‍ ഇതായിരിക്കും അവസ്ഥയെന്ന മുന്നറിയിപ്പുമായി ഗോരക്ഷാ ഗുണ്ടകള്‍ ശുക്ലയുമായി ഗ്രാമത്തില്‍ പരേഡ് നടത്തുകയും ചെയ്തു.

ആക്രമികളില്‍ നിന്ന് മോചിതനായ ശേഷം പരാതിയുമായി ശുക്ല പോലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും അവര്‍ കേസെടുത്തില്ല. പിന്നീട് ബല്‍റാംപൂര്‍ ജില്ലാ പോലീസ് മേധാവി ഇടപെട്ടാണ് കേസെടുത്തത്. തുടര്‍ന്ന് നാലു പേര്‍ അറസ്റ്റിലാകുകയും ചെയ്തു. മര്‍ദനമേറ്റ ശുക്ല ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു പ്രതികള്‍ക്കായുള്ള തിരിച്ചില്‍ നടത്തിവരികയാണ് പോലീസ്. കേസെടുക്കാന്‍ വിസമ്മതിച്ച പോലീസിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തെറ്റുകാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി രാജേഷ് കുമാര്‍ അറിയിച്ചു.
 

Latest News