കാസര്‍കോട്- രാജ്യത്തിന്റെ ഭക്ഷ്യോത്പാദനത്തിന് മുതല്‍ക്കൂട്ടാണ് പത്മശീ സത്യനാരായണ ബളേരി സംരക്ഷിക്കുന്ന വിത്തുകളെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ ഭരണസംവിധാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഹരിത വിപ്ലവത്തിന് ശേഷമാണ് എല്ലാവര്ക്കും ഭക്ഷണം ഉറപ്പാക്കാന്‍ കഴിഞ്ഞതെന്നും പട്ടിണി രൂക്ഷമായ 1943ല്‍ വിദേശ രാജ്യങ്ങളെ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ആശ്രയിച്ചിരുന്നു. നിലവില്‍ രാജ്യത്ത് മികച്ച ധാന്യശേഖരമുണ്ട്. വിത്തുകള്‍ സംരക്ഷിച്ചതിന്റെ കൂടി ഫലമാണിത്. അവിടെയാണ് 650 നെല്‍വിത്തുകളെ സംരക്ഷിക്കുന്ന സത്യനാരായണ ബളേരിയുടെ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
തൊപ്പിയും ഷാളും അണിയിച്ച് മൊമെന്റോ നല്കി സത്യനാരായണ ബളേരിയെ ആദരിച്ചു.
വിദ്യാര്‍ത്ഥികളടങ്ങുന്ന ഭാവിതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി കൃഷി സിലബസ്സില്‍ ഉള്‍പ്പെടുത്തണമെന്നും ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നും പത്മശ്രീ സത്യനാരായണ ബളേരി പറഞ്ഞു. കൂടുതല്‍ യുവാക്കളും വിദ്യാര്‍ഥികളും കാര്‍ഷിക മേഖലയിലേക്ക് വരേണ്ടതുണ്ട്. പരമ്പരാഗതമായി നെല്‍കൃഷി ചെയ്യുന്ന കുടുംബാംഗമൊന്നും അല്ലെങ്കിലും നെല്‍ വിത്തുകളുടെ സംരക്ഷണത്തിന് വലിയ താത്പര്യമുണ്ടായിരുന്നുവെന്നും അങ്ങിനെയാണ് 650ലേറെ വ്യത്യസ്തയിനം നെല്‍വിത്തുകളെ സംരക്ഷിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിത്തിനങ്ങള്‍ കണ്ടെത്തി സംരക്ഷിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ ഹ്രസ്വ ചിത്രം 'വിത്തിന്റെ കാവലാള്‍- സത്യനാരായണ ബളേരിയുടെ ജീവിതം' പ്രദര്‍ശിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര അധ്യക്ഷത വഹിച്ചു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ടി. വനജ, പടന്നക്കാട് കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. വി. വൈജയന്തി, എ. ഡി. എം കെ. വി. ശ്രുതി, കാസര്‍കോട് ആര്. ഡി. ഒ പി. ബിനുമോന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. പി. ദില്‍ന നന്ദിയും പറഞ്ഞു.