Sorry, you need to enable JavaScript to visit this website.

യെമൻ സൈനിക ഉദ്യോഗസ്ഥന്റെ കൊലപാതകം: മൂന്നു വനിതകളടക്കം അഞ്ചു പ്രതികൾ അറസ്റ്റിൽ

കയ്റോ - യെമൻ പ്രതിരോധ മന്ത്രാലയത്തിലെ സൈനിക വ്യവസായവൽക്കരണ വകുപ്പ് മേധാവി മേജർ ജനറൽ ഹസൻ ബിൻ ജലാൽ അൽഉബൈദിയെ കയ്‌റോയിലെ താമസസ്ഥലത്തു വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ചു പേരെ ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സംഘത്തിൽ മൂന്നു പേർ വനിതകളാണ്. കവർച്ച ലക്ഷ്യത്തോടെയാണ് സംഘം കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. കൊലപാതകം കണ്ടെത്തി ഇരുപത്തിനാലു മണിക്കൂറിനകം പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചു. പ്രതികളിൽ രണ്ടു പേർക്ക് മേജർ ജനറൽ ഹസൻ അൽഉബൈദിയുമായി സൗഹൃദ ബന്ധമുണ്ടായിരുന്നു.

ഗീസയിലെ ഫഌറ്റിലേക്ക് ഹസൻ അൽഉബൈദി തന്നെയാണ് ഇരുവരെയും വിളിച്ചുവരുത്തിയത്. പിന്നീട് പാനീയത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകി ഉദ്യോഗസ്ഥനെ മയക്കിക്കിടത്തിയ പ്രതികൾ മറ്റു പ്രതികളുടെ കൂടി സഹായം തേടുകയായിരുന്നു. റമദാൻ ബലൈദി (29), അബ്ദുറഹ്മാൻ ശഹാത്ത (19), ഇസ്‌റാ അതിയ്യ (22), സുഹൈർ അബ്ദുൽ ഹലീം (17) എന്നിവരാണ് അറസ്റ്റിലായത്. മോഷണ വസ്തുക്കളിൽ ഒരു ഭാഗം ഒളിപ്പിച്ചുവെച്ചതിന് ഒന്നാം പ്രതിയുടെ ബന്ധുവായ ആയ മഹ്മൂദിനെയും (23) പിന്നീട് അറസ്റ്റ് ചെയ്തു. 

ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതികൾ തങ്ങളുടെ കൂട്ടത്തിൽ രണ്ടു പേർക്ക് യെമനി സൈനിക ഉദ്യോഗസ്ഥനുമായി നേരത്തെ മുൻപരിചയമുണ്ടായിരുന്നെന്ന് വ്യക്തമാക്കി. മറ്റു പ്രതികളുടെ സഹായത്തോടെ ഉദ്യോഗസ്ഥന്റെ ഫഌറ്റിൽ കവർച്ച നടത്താൻ ഇരുവരും ധാരണയിലെത്തുകയായിരുന്നു. ഫഌറ്റിൽ ആദ്യമെത്തിയ പ്രതികൾ ഉദ്യോഗസ്ഥന് പാനീയത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകുകയും മറ്റു പ്രതികൾക്ക് ഫഌറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും ചെയ്തു. കവർച്ച ശ്രമം ചെറുത്ത ഉദ്യോഗസ്ഥനെ പ്രതികൾ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും കൈകാലുകൾ ബന്ധിക്കുകയും നിലത്ത് തള്ളിയിടുകയുമായിരുന്നു. ക്രൂരമായ മർദനത്തിൽ ഉദ്യോഗസ്ഥൻ മരണപ്പെട്ടു.

പ്രാദേശിക, വിദേശ കറൻസികളും വിലപിടിച്ച വസ്തുക്കളും വ്യക്തിഗത വസ്തുക്കളും ഫഌറ്റിൽ നിന്ന് കവർന്ന സംഘം യെമനി ഉദ്യോഗസ്ഥൻ വാടകക്കെടുത്ത കാറിൽ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒന്നാം പ്രതിയായ റമദാൻ ബലൈദി കൊലപാതക കേസുകളിലും ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിലും കവർച്ച കേസുകളിലും പ്രതിയാണ്. 
മുൻ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ കാലത്ത് ജലാൽ 1, ജലാൽ 2, ജലാൽ 3 എന്നീ പേരുകളിൽ അറിയപ്പെടുന്ന കവചിത വാഹനങ്ങൾ യെമൻ സൈന്യത്തിനു വേണ്ടി ആദ്യമായി നിർമിക്കാൻ തുടങ്ങിയത് മേജർ ജനറൽ ഹസൻ ബിൻ ജലാൽ അൽഉബൈദി ആയിരുന്നു. അലി അബ്ദുല്ല സ്വാലിഹിന്റെ പുത്രൻ അഹ്മദ് അലി സ്വാലിഹുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 


 

Latest News