ഹൈദരാബാദ്- തങ്ങളുടെ കളിസ്ഥലം കയ്യേറി ശിവക്ഷേത്രം പണിയുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം നിർധന വിദ്യാർഥികൾ അയച്ച കത്തിൽ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. തെലങ്കാന സംസ്ഥാനത്തിലെ അദിലാബാദിലെ നിരാലംബരായ 23 കുട്ടികൾ ചീഫ് ജസ്റ്റിസിന് അയച്ച കത്തിനെ തുടർന്നാണ് തെലങ്കാന ഹൈക്കോടതി പൊതുക്ഷേമം മുൻനിർത്തി വിഷയം ഏറ്റെടുത്തത്.
അധഃസ്ഥിത സമുദായങ്ങളുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി 1970 കളുടെ അവസാനത്തിൽ അദിലാബാദിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ച കോളനിയിലെ കുട്ടികളുടെ പാർക്ക് കം പ്ലേ ഏരിയയാണ് ചിലർ കയ്യേറി ക്ഷേത്രം പണിയാൻ ഒരുങ്ങുന്നത്. ഇത് ഏകദേശം ഒന്നര ഏക്കറോളം സ്ഥലമുണ്ട്.
2000 മുതൽ 2004 വരെയുള്ള കാലയളവിൽ പ്രസ്തുത ഭൂമിയുടെ പകുതിയോളം 30 ഗുണ്ടകൾ കൈയേറിയതായും ശിവന്റെ പേരിൽ ഒരു ക്ഷേത്രം നിർമ്മിച്ചതായും കത്തിൽ പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭൂമി കൈയേറ്റക്കാർ വീണ്ടും മറ്റൊരു ക്ഷേത്രം പണിയുന്നതിനായി ബാക്കിയുള്ള ഭൂമി കൈക്കലാക്കുകയാണെന്നും കുട്ടികളുടെ മാതാപിതാക്കളും മറ്റും അധികാരികൾക്ക് നിവേദനം നൽകിയിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കത്തിൽ പറയുന്നു. പാർക്കിലെ അനധികൃത നിർമാണത്തിന് അദിലാബാദിലെ മുനിസിപ്പൽ കമ്മീഷണർ ഒത്താശ ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു.
കുട്ടികളുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊതു പാർക്കുകളും മറ്റ് സർക്കാർ ഭൂമികളും കയ്യേറാൻ ഭൂമി കൈയേറ്റക്കാരെ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു. അദിലാബാദിലെ പഴയ ഹൗസിംഗ് ബോർഡ് കോളനിയിൽ സ്ഥിതി ചെയ്യുന്ന കുട്ടികളുടെ പാർക്ക് കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് അനിൽ കുമാർ ജുകാന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. അടുത്ത വാദം കേൾക്കുന്ന തീയതിക്ക് മുമ്പായി ഇക്കാര്യത്തിൽ സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. മുനിസിപ്പാലിറ്റി കമ്മീഷണരെ കക്ഷിയാക്കാനും ഉത്തരവിട്ടു.