Sorry, you need to enable JavaScript to visit this website.

പതിനേഴ് തവണ വ്യാജ ഗർഭം, സർക്കാർ ഫണ്ട് തട്ടിയെടുത്ത 50കാരിക്ക് ജയിൽ ശിക്ഷ

റോം- സർക്കാർ ആനുകൂല്യം തട്ടിയെടുക്കാനായി പതിനേഴ് തവണ വ്യാജമായി ഗർഭമുണ്ടാക്കിയ സംഭവത്തിൽ ഇറ്റാലിയൻ യുവതിക്ക് ജയിൽ ശിക്ഷ. 50 കാരിയായ ബാർബറ ലോലെയെ ആണ് ഒന്നര വർഷത്തെ തടവിന് ശിക്ഷിച്ചത്. 24 വർഷത്തിനിടെ തനിക്കുണ്ടായ ഗർഭങ്ങളിൽ പന്ത്രണ്ട് എണ്ണം അലസിയെന്നും അഞ്ചു കുട്ടികളുണ്ടെന്നും അവകാശപ്പെട്ടാണ് ഇവർ സർക്കാർ ഫണ്ട് തട്ടിയെടുത്തത്. പ്രസവാനുകൂല്യമായി ഏകദേശം 110,000 യൂറോ(ഏകദേശം 98 ലക്ഷം)യും ലഭിച്ചു. പ്രസവാനുകൂല്യം എന്ന പേരിൽ ജോലിയിൽനിന്ന് നിരവധി തവണ അവധിയും നേടിയെടുത്തു. എന്നാൽ, തനിക്കുണ്ടായി എന്ന് അവകാശപ്പെട്ട കുട്ടികളൊന്നും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കുട്ടികളെ ഉദ്യോഗസ്ഥരോ മറ്റാരെങ്കിലുമോ കണ്ടിട്ടില്ലെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. റോമിലെ ഒരു ക്ലിനിക്കിൽ നിന്ന് ജനന സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചാണ് ഇവർ വ്യാജഗർഭമുണ്ടാക്കിയത്. 

കഴിഞ്ഞ ഡിസംബറിൽ തന്റെ ഏറ്റവും പുതിയ കുഞ്ഞിന് ജന്മം നൽകിയതായി ലോലെ അവകാശപ്പെട്ടു. എന്നാൽ ഇവർ അവകാശപ്പെട്ട ഗർഭം മുഴുവൻ വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി. തലയിണകൾ വയറിൽ കെട്ടിവെച്ചാണ് ഇവർ ഗർഭിണിയായി അഭിനയിച്ചത്. ഗർഭിണികൾ നടക്കുന്നത് അനുകരിച്ച് നടക്കുകയും ചെയ്തു. 
ലോലെ ഗർഭിണിയല്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഇവരുടെ പങ്കാളിയായ ഡേവിഡ് പിസിനാറ്റോ പോലീസിനോട് സമ്മതിച്ചു. 'ഡേവിഡ് പിസിനാറ്റോയുടെ കുറ്റസമ്മതത്തിന്റെ വെളിച്ചത്തിൽ കൂടിയാണ് ശിക്ഷ വിധിച്ചത്.
 

Latest News