ഹൈദരാബാദ്- വിവാഹത്തിന് മുന്നോടിയായി തന്റെ പുഞ്ചിരി കൂടുതൽ ആകർഷകമാക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ 28കാരൻ ലക്ഷ്മി നാരായണ വിഞ്ജം ആണ് മരിച്ചത്. ഫെബ്രുവരി 16 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്.എം.എസ് ഇന്റർനാഷണൽ ഡെന്റൽ ക്ലിനിക്കിൽ 'സ്‌മൈൽ ഡിസൈനിംഗ്' ശസ്ത്രക്രിയയിലാണ് മരണം സംഭവിച്ചത്. അമിതമായി അനസ്‌തേഷ്യ നൽകിയാണ് മകൻ മരിച്ചതെന്ന് പിതാവ് ആരോപിച്ചു.
ശസ്ത്രക്രിയയ്ക്കിടെ മകന് ബോധരഹിതനായതിനെ തുടർന്ന് ജീവനക്കാർ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ പറഞ്ഞതായി പിതാവ് രമുലു വിഞ്ജം പറഞ്ഞു. അധികം വൈകാതെ ഞങ്ങൾ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയയെക്കുറിച്ച് മകൻ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് ക്ലിനിക്കിനെതിരെ കേസെടുത്തു. ആശുപത്രി രേഖകളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.