സന്‍ആ- ചെങ്കടലില്‍ രണ്ട് യു.എസ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹൂത്തി വിമതര്‍ അവകാശപ്പെട്ടു. കപ്പലുകള്‍ക്ക് കേടുപാട് പറ്റിയെന്നും അവര്‍ അവകാശപ്പെട്ടു. മറ്റൊരു ബ്രിട്ടീഷ് കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പല്‍ മുങ്ങിത്തുടങ്ങിയെന്നും ഹൂത്തികള്‍ പറഞ്ഞു.
ബാബ് എല്‍-മണ്ടേബ് കടലിടുക്കില്‍ ഒരു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ഗ്രൂപ്പ് അറിയിച്ചു.
ജിബൂട്ടിയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ വടക്കാണ് സംഭവമെന്ന് യുകെഎംടിഒ പറഞ്ഞു.
ആളില്ലാത്ത ഡ്രോണ്‍ ആണ് കപ്പലില്‍ ഇടിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു, അതിന്റെ ഫലമായി കപ്പലിന്റെ ഘടനക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പല്‍ അതിന്റെ അടുത്ത തുറമുഖത്തേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.