ശ്രീനഗര്‍ - മറ്റുള്ളവര്‍ അറിയുന്നത് ഒഴിവാക്കാന്‍ രാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്ന ഗുലാം നബി ആസാദിന്റെ ആരോപണം നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) മേധാവി ഫാറൂഖ് അബ്ദുല്ല നിഷേധിച്ചു.
പ്രധാനമന്ത്രി മോഡിയെയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയോ കാണണമെങ്കില്‍ പകല്‍ കാണും, രാത്രി എന്തിന് അവരെ കാണണം. എന്താണ് അദ്ദേഹം ചിന്തിച്ചതെന്ന് എനിക്കറിയില്ല- ഫാറൂഖ് അബ്ദുല്ല വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'ആരും തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ആഗ്രഹിക്കാത്തപ്പോള്‍, അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഞാനാണ് ... എന്നാല്‍ ഇന്ന് അദ്ദേഹം ഇതെല്ലാം പറയുന്നു, പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരിക്കുന്ന തന്റെ ഏജന്റുമാരുടെ പേരുകള്‍ അദ്ദേഹം പറയണം. കേന്ദ്ര ആഭ്യന്തര മന്ത്രി, ജനങ്ങള്‍ക്ക് സത്യം മനസ്സിലാക്കാന്‍ കഴിയുന്നതിന് അദ്ദേഹം പറയണം- അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.