Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉള്ളി ക്ഷാമം മുതലെടുക്കാന്‍ ശ്രമം; കേടായ സവാള ശേഖരം പിടികൂടി; പ്രവാസികള്‍ അറസ്റ്റില്‍

തബൂക്ക് - ആരോഗ്യ നിയമ, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദേശികള്‍ നടത്തുന്ന വെയര്‍ഹൗസില്‍ നിന്ന് കേടായ സവാള ശേഖരം തബൂക്ക് നഗരസഭ പിടികൂടി. ഉപയോക്താക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച് കേടായ സവാളയും നല്ല സവാളയും കൂട്ടിക്കലര്‍ത്തുകയാണ് വെയര്‍ഹൗസില്‍ വിദേശ തൊഴിലാളികള്‍ ചെയ്തിരുന്നത്.
തബൂക്ക് നഗരസഭക്കു കീഴിലെ ജനൂബ് ബലദിയയും സുരക്ഷാ വകുപ്പുകളും സഹകരിച്ച് വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍ കേടായ 1,600 കിലോ സവാള പിടികൂടി. അനുയോജ്യമല്ലാത്ത സാഹചര്യചത്തില്‍ സൂക്ഷിച്ച 287 കാര്‍ട്ടണ്‍ പച്ചക്കറികളും വെയര്‍ഹൗസില്‍ നിന്ന് പിടികൂടി. സ്ഥാപന അധികൃതര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി തബൂക്ക് നഗരസഭ അറിയിച്ചു.

നേരത്തെ തബൂക്കില്‍ ജനവാസ കേന്ദ്രത്തിലെ വെയര്‍ഹൗസില്‍ മൂന്നു ടണ്ണിലേറെ വരുന്ന സവാള ശേഖരം പൂഴ്ത്തിവെച്ച നിയമ ലംഘകരായ വിദേശ തൊഴിലാളികളെ വാണിജ്യ മന്ത്രാലയ സംഘം പിടികൂടിയിരുന്നു. വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ വേണ്ടിയാണ് വിദേശികള്‍ വന്‍തോതില്‍ സവാള ശേഖരം പൂഴ്ത്തിവെച്ചത്. സംഘത്തിന്റെ താവളത്തില്‍ നിന്ന് പിടികൂടിയ സവാള ശേഖരം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം ഉടനടി മൊത്ത വ്യാപാര മാര്‍ക്കറ്റിലെത്തിച്ചു. പിടിയിലായ വിദേശികള്‍ ബിനാമി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും വിദേശികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മറ്റൊരു സംഭവത്തില്‍ അല്‍ബാഹയില്‍ നിന്ന് വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരം വാണിജ്യ മന്ത്രാലയ സംഘം പിടികൂടി. പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള ബോട്ടിലുകളില്‍ നിറച്ച് വില്‍പനക്ക് സൂക്ഷിച്ച ഉറവിടമറിയാത്ത, വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരമാണ് പിടികൂടിയത്. റെയ്ഡിനിടെ 700 ലേറെ ബോട്ടില്‍ വ്യാജ എന്‍ജിന്‍ ഓയില്‍ പിടികൂടി. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധ കേന്ദ്രത്തില്‍ വാണിജ്യ മന്ത്രാലയ സംഘം പരിശോധന നടത്തി വ്യാജ എന്‍ജിന്‍ ഓയില്‍ ശേഖരം കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം എക്‌സ്പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.

 

Latest News