Sorry, you need to enable JavaScript to visit this website.

പണിക്ക് ആളില്ല, ഹാര്‍ബറുകളുടെ എണ്ണം കൂടി... കൊച്ചി ഹാര്‍ബറില്‍ ബോട്ടുകള്‍ വിരലിലെണ്ണാൻ മാത്രം

കൊച്ചി - കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ അകലുന്നു. വിവിധ കാരണങ്ങള്‍ മൂലം ഹാര്‍ബറില്‍ എത്തുന്ന ബോട്ടുകളുടെ എണ്ണം കുറയുന്നതായാണ് മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്.നാടന്‍ ബോട്ടൂകളില്‍ പണിക്കായി തൊഴിലാളികളെ കിട്ടാത്തതും സംസ്ഥാനത്തും പുറത്തും ഹാര്‍ബറുകളുടെ എണ്ണം കൂടിയതും പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നു. ബോട്ടുകള്‍ സൗകര്യാര്‍ഥം അവരവര്‍ക്ക് ഇഷ്ടമുള്ള ഹാര്‍ബറുകള്‍ തേടി പോകുന്ന സാഹചര്യമാണ്.

നേരത്തേ ബോട്ടുകളെ  കൊച്ചി ഹാര്‍ബറിലേക്ക് ആകര്‍ഷിച്ചിരുന്നത് ഇവിടെ ലഭിക്കുന്ന വിലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക ഹാര്‍ബറുകളിലും ഏകദേശം ഒരേ വിലയാണെന്നാണ് പറയുന്നത്. കുളച്ചല്‍, മുട്ടം എന്നിവിടങ്ങളില്‍ ഹാര്‍ബര്‍ വന്നതും കൊച്ചിയിലേക്ക് വരുന്ന ബോട്ടുകളുടെ വരവ് കുറച്ചതായി പറയുന്നു. വാണിക്കുടിയില്‍ നിന്നുള്ള ഫിഷിംഗ് ബോട്ടുകളാണ് ഇപ്പോള്‍ ഹാര്‍ബറില്‍ പ്രധാനമായും എത്തുന്നത്. സമീപത്തെ മുനമ്പം ഹാര്‍ബറില്‍ അറുപതും എഴുപതും ബോട്ടുകള്‍ കയറുമ്പോള്‍ കൊച്ചിയില്‍ വരുന്ന ബോട്ടുകളുടെ എണ്ണം പത്തില്‍ താഴെ. ഗില്‍നെറ്റ് ബോട്ടുകള്‍ ഇപ്പോള്‍ കുറച്ച് വരുന്നതാണ് ആശ്വാസം. അധികൃതരുടെ ഭാഗത്ത് നിന്നുള്ള പീഡനവും ബോട്ടുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. മത്സ്യവുമായി  വരുന്ന ബോട്ടുകളെ പുറംകടലില്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞ് ബുക്കും പേപ്പറും ഇല്ല എന്ന കാരണം ചുമത്തി 2 ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നതെന്നാണ് ആക്ഷേപം.

കടലില്‍ മത്സ്യം കിട്ടാത്തതുമൂലം ബോട്ട് വാങ്ങാനായി എടുത്ത ബാങ്ക് ലോണുകള്‍ അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കുളച്ചല്‍ സ്വദേശികള്‍ പലരും സ്വന്തം നാടുകളിലേക്ക് ചേക്കേറുന്ന സ്ഥിതിയാണ്. ചാള, അയല മത്സ്യങ്ങള്‍ തീര്‍ത്തും കിട്ടാത്ത സ്ഥിതിയാണ്. കേര,ചൂര, കരിക്കാടി ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളാണ്  ചെറിയ തോതില്‍ ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 140 കോടി രൂപ കൊച്ചി ഹാര്‍ബര്‍ നവീകരണത്തിനായി അനുവദിച്ചെങ്കിലും ജോലികള്‍ എങ്ങും എത്താത്ത സ്ഥിതിയാണ്. 80 ചാള ബോട്ടുകള്‍ ഹാര്‍ബറില്‍ കെട്ടിയിട്ടിരിക്കുകയാണ്. 20 ഓളം ഗില്ലറ്റ് ബോട്ടുകളാണ് ഇപ്പോള്‍ കൊച്ചിയില്‍നിന്ന് മത്സ്യബന്ധനം  നടത്തുന്നത്. കൊച്ചി ഹാര്‍ബറില്‍ ബോട്ട് അടുക്കാത്തതിനെ തുടര്‍ന്ന് കിഴക്കന്‍ മേഖലകളിലേക്ക് മീന്‍ കയറ്റി അയക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

കൊച്ചി ഹാര്‍ബറില്‍ ബോട്ട് അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കാത്തപക്ഷം സംസ്ഥാനം വിട്ട് ബോട്ടുകള്‍ പോകുന്ന അവസ്ഥയാണെന്ന് ഹാര്‍ബര്‍ തൊഴിലാളികള്‍ പറയുന്നു. പ്രതിമാസം അഞ്ഞൂറോളം ഗില്‍നെറ്റ് ബോട്ടുകള്‍ എത്തിയിരുന്ന ഹാര്‍ബറില്‍ ഇപ്പോള്‍ നൂറില്‍ താഴെ ബോട്ടുകളാണ് വരുന്നതെന്നും ഇതിന് കാരണം അധികൃതരുടെ അനാവശ്യ പീഡനമാണെന്നും ഗില്‍നെറ്റ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എം നൗഷാദ് പറഞ്ഞു. വര്‍ഷം ഇരുപത്തിയയ്യായിരം രൂപ ഗില്‍നെറ്റ് ബോട്ടുകളില്‍നിന്ന് യൂസര്‍ ഫീയായി ഈടാക്കുന്നുണ്ട്. ഇതിന്റെ കാലാവധി ഒരു ദിവസം തെറ്റിയാല്‍പോലും ബോട്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിഴ ഈടാക്കുകയും ബോട്ടുകളിലെ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യുകയുമാണ്. ഇത് മൂലം ബോട്ടുകള്‍ കൊച്ചി ഉപേക്ഷിക്കുന്ന സാഹചര്യമാണ്. ഇതിന് മാറ്റം വരണമെന്നും എ.എം നൗഷാദ് പറഞ്ഞു.

 

Latest News