Sorry, you need to enable JavaScript to visit this website.

പേരിലെ 'മുസ്ലിം' വെട്ടണമെന്ന നിര്‍ദേശം അസംബന്ധം; കേന്ദ്ര സര്‍ക്കാരിനോട് എ.എം.യു

ന്യുദല്‍ഹി- നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ കേന്ദ്ര സര്‍വകലാശാലയായ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി (എ.എം.യു)യുടെ പേരിലെ 'മുസ്ലിം' എന്നത് വെട്ടിമാറ്റണമെന്ന സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരെ സര്‍വകലാശാല രംഗത്തെത്തി. ഇങ്ങനെ ഒരു നിര്‍ദേശം അസംബന്ധമാണെന്നും ഇതു ശുപാര്‍ശ ചെയ്ത സമിതിയുടെ ജോലി ഇതായിരുന്നില്ലെന്നും എ.എം.യു രജിസ്ട്രാര്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു നല്‍കിയ ഔദ്യോഗിക മറുപടിയില്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയുടെ സുദീര്‍ഘമായ ചരിത്രത്തേയും സവിശേഷ സ്വഭാവത്തേയും അവഗണിച്ചാണ് സമിതി പേരുമാറ്റണമെന്ന് ശുപാര്‍ശ ചെയ്തത്. യൂണിവേഴ്‌സിറ്റിയുടെ പേര് ഈ സ്ഥാപനത്തിന്റെ ചരിത്രത്തേയും ഉദ്ദേശ ലക്ഷ്യങ്ങളേയും കുറിച്ച് ഒരു ധാരണ നല്‍കുന്നകുന്നതാണ്. ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും എ.എം.യു രജിസ്ട്രാര്‍ ജാവേദ് അഖ്തര്‍ യുജിസിക്കു നല്‍കിയ കത്തില്‍ പറയുന്നു.

10 കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേടുകളും പരാതികളും അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം നിയോഗിച്ച അഞ്ചു സമിതികളില്‍ ഒന്നാണ് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പേരിലെ മുസ്ലിം വെട്ടിമാറ്റണമെന്ന് ശുപാര്‍ശ ചെയ്തത്. സര്‍വകലാശാലകളിലെ അടിസ്ഥാനസൗകര്യങ്ങള്‍, അക്കാദമിക പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഓഡിറ്റ് ചെയ്യാലായിരുന്നു സമിതിയുടെ ചുമതല. ഇതു മറികടന്നാണ് സമിതി യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്നും എ.എം.യു ചൂണ്ടിക്കാട്ടുന്നു.

പേരിലെ മുസ്ലിം വെട്ടി അലിഗഢ് യൂണിവേഴ്‌സിറ്റി എന്നു മാത്രമാക്കി മാറ്റുന്നതോടെ കൂടുതല്‍ മതേതരമാകുമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. പേരു മാറ്റത്തിലൂടെ മതേതര മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനാകുമെന്ന തെറ്റായ ധാരണയാണ് സമിതി മുന്നോട്ടു വച്ചത്. പടിഞ്ഞാറന്‍ മതേതരത്വം എന്നത് മത വിരുദ്ധ നിലപാടാണെങ്കില്‍  ഇന്ത്യയിലെ മതേതരത്വം എന്നത് നീതി, തുല്യത എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്- എ.എം.യു വ്യക്തമാക്കുന്നു.

പേരിലെ മുസ്ലിം എന്നത് യുണിവേഴ്‌സിറ്റിയുടെ മതേതര സ്വഭാവത്തിന് കോട്ടം തട്ടിക്കുന്നുണ്ടെന്നും ഒന്നുകില്‍ അലിഗഡ് യുണിവേഴ്‌സിറ്റി എന്നു മാത്രമോ അല്ലെങ്കില്‍ സ്ഥാപകനായ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ പേരോ സര്‍വകലാശാലയ്ക്ക് നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ സിമിതിയുടെ ശുപാര്‍ശ. അതേസമയം അലിഗഢിന്റെ പേര് മാറ്റണമെന്ന ശുപാര്‍ശ നടപ്പാക്കില്ലെന്ന് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.
 

Latest News