ബെംഗളുരു - പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയെ 24 കാരന് വിവാഹം ചെയ്തു നല്‍കിയ മുത്തശ്ശി അറസ്റ്റില്‍. ബെംഗളൂരുവിലെ സര്‍ജാപൂരിലാണ് സംഭവം. എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി 15 നായിരുന്നു സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ സര്‍ജാപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. എട്ടാം ക്ലാസുകാരിയെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് 24 കാരന് വിവാഹം ചെയ്തു നല്‍കിയത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയും ഇവരുടെ മകനും മരുമകളും ചേര്‍ന്ന് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.
ഹലസിനകൈപുരയിലെ വിനോദ് കുമാര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. കൈവാരയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി, അമ്മായി, അമ്മാവന്‍, ചെക്കന്റെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. എട്ടാം ക്ലാസുകാരിയായ കുട്ടിയെ പോലീസും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും വരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു. വിവാഹത്തില്‍ പങ്കെടുത്ത പൂജാരി ഉള്‍പ്പെടെ എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്നും പൊലീസ് അറിയിച്ചു.