ന്യൂദൽഹി- ബി.ജെ.പിയുടെ നേതൃത്വത്തിൽ, വരണാധികാരിയുടെ പിന്തുണയോടെ അട്ടിമറിച്ച ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിന്റെ
ബാലറ്റ് പേപ്പറുകളും തെരഞ്ഞെടുപ്പിന്റെ വീഡിയോയും ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത പുതിയ റിട്ടേണിംഗ് ഓഫീസറെ നിയമിച്ച് കോടതി ഉത്തരവിടുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ വീഡിയോയും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനകം ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ റിട്ടേണിംഗ് ഓഫീസറെയും കോടതി രൂക്ഷമായി വിമർശിച്ചു. ചണ്ഡീഗഢ് കോർപ്പറേഷനിൽ നടന്ന കുതിരക്കച്ചവടത്തിൽ ഞങ്ങൾക്ക് വേദനയുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
കുതിരക്കച്ചവടത്തിന്റെ ഈ ബിസിനസ്സ് അവസാനിപ്പിക്കണം. അതുകൊണ്ടാണ് നാളെ തന്നെ ബാലറ്റ് പേപ്പറുകൾ കാണാൻ ആഗ്രഹിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.