Sorry, you need to enable JavaScript to visit this website.

ഫാറൂഖ് അബ്ദുല്ലയും ഒമർ അബ്ദുല്ലയും മോഡിയുമായി രാത്രി രഹസ്യ ചർച്ച നടത്തിയെന്ന് ഗുലാം നബി, പിന്നീട് തിരുത്തി

ന്യൂദൽഹി- ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദിന്റെ ആരോപണം. വിവാദമായതോടെ ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ചിലരുടെ വാക്കുകൾ എടുത്തുദ്ധരിക്കുകയുമാണ് ചെയ്തതെന്നും ആസാദ് തിരുത്തി. അതേസമയം, അഭിമുഖത്തിൽ ഉടനീളം ഉമർ അബ്ദുല്ലക്കും ഫാറൂഖ് അബ്ദുല്ലക്കും എതിരെ കടുത്ത പരാമർശങ്ങളാണ് ഗുലാം നബി ആസാദ് നടത്തിയത്. 

ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി മേധാവിയായ ഗുലാം നബി ആസാദ് ഫാറൂഖ് അബ്ദുല്ലയെയും മകനെയും പറ്റി  ആരോപണം ഉന്നയിച്ചത്. ഫാറൂഖ് അബ്ദുല്ലക്കും മകൻ ഒമർ അബ്ദുല്ലക്കും ഇരട്ടനിലപാടുകളാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 

നാഷണൽ കോൺഫറൻസ് പാർട്ടിയെ നയിക്കുന്ന അബ്ദുല്ല, 2014ൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ ശ്രമങ്ങൾ നടത്തിയെന്ന് ആസാദ് ആരോപിച്ചു. അച്ഛനും മകനും ഡബിൾ ഗെയിം കളിക്കുകയാണ്. സർക്കാരിനെയും പ്രതിപക്ഷത്തെയും തൃപ്തിപ്പെടുത്താനാണ് ഫാറൂഖും ഒമറും ശ്രമിക്കുന്നതെന്നും ആസാദ് പറഞ്ഞു. ജമ്മു കശ്മീരിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഇടയ്ക്കിടെ പ്രസ്താവനകൾ നടത്തിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെക്കുറിച്ച് അബ്ദുല്ലയെ അറിയിച്ചിരുന്നു. 

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പ്, 2019 ഓഗസ്റ്റ് മൂന്നിന് അബ്ദുല്ലയും പ്രധാനമന്ത്രി മോഡിയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. തീരുമാനത്തെക്കുറിച്ച് അബ്ദുല്ലമാർക്ക് അറിയാമായിരുന്നു. ജമ്മു കശ്മീരിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നാഷണൽ കോൺഫ്രൻസ് തീവ്രശ്രമം നടത്തുകയാണ്. ജമ്മു കശ്മീരിൽ ഒരു രാഷ്ട്രീയ സാഹസികതയിലും ഏർപ്പെടരുതെന്ന് പ്രധാനമന്ത്രി മോഡിയോട് പറഞ്ഞിരുന്നു. ഞാൻ അബ്ദുല്ലമാരെ പോലെ വഞ്ചന നടത്തുന്നില്ല. എന്റെ ഹിന്ദു സഹോദരങ്ങളെ കബളിപ്പിക്കാൻ ഞാൻ ക്ഷേത്രങ്ങൾ സന്ദർശിക്കാറില്ല. തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ഞാൻ എന്റെ രാജ്യത്തെ ദുരുപയോഗം ചെയ്യുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
 

Latest News