Sorry, you need to enable JavaScript to visit this website.

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി യു ജി സി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സംശയമെന്ന് സുപ്രീം കോടതി

ദല്‍ഹി - കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവില്‍ യു ജി സി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സംശയം തോന്നുന്നുവെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. പ്രിയാ വര്‍ഗീസിന്റെ നിമയനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു ജി സി നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ്  വാദം കേള്‍ക്കുന്ന  ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ ഇത് സംബന്ധിച്ച് വാക്കാല്‍ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ഇതിന് വിശദമായ മറുപടി സമര്‍പ്പിക്കാനുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നിധീഷ് ഗുപ്ത, അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. 
കേസ് നാലാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി. പ്രിയ വര്‍ഗീസിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ രണ്ട് ആഴ്ചത്തെ സമയം വേണമെന്ന് യു ജി സി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. യു ജി സിയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പ്രിയ വര്‍ഗീസിന് രണ്ട് ആഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചു. യോഗ്യതയുടെയും, മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് തന്റെ നിയമനം എന്നും ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സെലക്ഷന്‍ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലന്നും വ്യക്തമാക്കി പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പ്രിയ വര്‍ഗീസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 

 

Latest News