ന്യൂദൽഹി- മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ വീടിന് മുകളിൽ ഉയർത്തിയിരുന്ന ജയ് ശ്രീ റാം പതാക നീക്കം ചെയ്തതായി റിപ്പോർട്ട്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ കമൽനാഥ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ജയ് ശ്രീറാം പതാക ഉയർന്നിരുന്നത്. ഇന്നലെ ദൽഹിയിലെ വസതിയുടെ മേൽക്കൂരയിൽ പതാക കണ്ടിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കമൽ നാഥും മകൻ നകുൽനാഥും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്നായിരുന്നു റിപ്പോർട്ട്.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് പാർട്ടിക്കേറ്റ കനത്ത തോൽവിയെ തുടർന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കമൽനാഥിനെ നീക്കിയിരുന്നു. ഇതേതുടർന്നാണ് കമൽനാഥ് അസ്വസ്ഥനായത്.