ജിദ്ദ - അതിർത്തി പ്രവേശന കവാടങ്ങൾ വഴി വാഹനങ്ങളുമായി വിദേശത്തേക്ക് പോകാനുള്ള വ്യവസ്ഥകൾ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇങ്ങിനെ വാഹനവുമായി വിദേശത്തേക്ക് പോകുന്നതിന് വെഹിക്കിൾ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും കാലാവധിയുള്ളതായിരിക്കണം. ഡ്രൈവർ വാഹനത്തിന്റെ ഉടമയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതല്ലെങ്കിൽ വാഹനം വിദേശത്തേക്ക് കൊണ്ടുപോകാൻ ഡ്രൈവർക്ക് വാഹന ഉടമ നൽകിയ, കാലാവധിയുള്ള ഓതറൈസേഷൻ ഉണ്ടായിരിക്കണമെന്നും റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് വാടകക്കെടുക്കുന്ന കാറുമായി വിദേശത്തേക്ക് പോകാൻ സാധിക്കുമോയെന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
വ്യക്തിഗത വസ്തുക്കളും പഴയ വീട്ടുപകരണങ്ങളും കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കാൻ വ്യവസ്ഥകൾ ബാധകമാണ്. പഴയ വസ്തുക്കൾ വ്യക്തിഗത ഉപയോഗത്തിനുള്ള പരിധിയിലായിരിക്കണമെന്നും കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കപ്പെടാൻ അവകാശമുള്ള വ്യക്തി താമസിക്കുന്ന സ്ഥലത്തു നിന്നായിരിക്കണം ഇവ സൗദിയിലേക്ക് കൊണ്ടുവരേണ്ടതെന്നും വ്യവവസ്ഥകളുണ്ട്. കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വ്യക്തിഗത വസ്തുക്കളിൽ വാഹനങ്ങൾ ഉൾപ്പെടില്ലെന്നും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.